ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
Thursday, July 18, 2024 3:36 AM IST
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു.
രാവിലെ 11നു നടക്കുന്ന യോഗത്തിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു അറിയിച്ചു. ബജറ്റ് അവതരണവും ചർച്ചയും നിയമനിർമാണങ്ങളുമടക്കം പാർലമെന്റിലെ നടപടികൾ സുഗമമായി നടത്തുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്.
1993ലെ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട 13 തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകരുടെ ഓർമയ്ക്കായി ഞായറാഴ്ച രക്തസാക്ഷിദിനമായി ആചരിക്കുന്നതിനാൽ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ടിഎംസി വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച മുതൽ ജമ്മുവിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണം, ജമ്മു- കാഷ്മീർ ലഫ്. ഗവർണർക്ക് അമിതാധികാരം നൽകിയ നിയമ ഭേദഗതി, രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്ക കെടുതികൾ, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളിൽ വിശദമായ പ്രത്യേക ചർച്ച വേണമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെടും.
ബില്ലുകൾ പാസാക്കുക ദുഷ്കരം
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയ വൻ വിജയത്തിന്റെ വർധിത ആവേശത്തിലാകും ഇന്ത്യ സഖ്യം ബജറ്റ് സമ്മേളനത്തിലെത്തുക.
ലോക്സഭയിലും രാജ്യസഭയിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഇരു സഭകളിലും ബില്ലുകൾ ഇനി പാസാക്കാനാകില്ല. രാജ്യസഭയിൽ എൻഡിഎ മുന്നണിക്കു പുറത്ത് 13 എംപിമാരുടെകൂടി പിന്തുണ വേണമെന്നതാണ് കേന്ദ്രസർക്കാരിനു വലിയ വെല്ലുവിളി.
സാന്പത്തിക സർവേ റിപ്പോർട്ട്
രാജ്യത്തെ സന്പദ്സ്ഥിതി വെളിവാകുന്ന സാന്പത്തിക സർവേ റിപ്പോർട്ട് തിങ്കളാഴ്ച ലോക്സഭയിൽ. രാജ്യത്തിന്റെ ജിഡിപി വളർച്ച, പണപ്പെരുപ്പം, ധനക്കമ്മി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന സുപ്രധാന സർവേയിലെ വിവരങ്ങൾ സാന്പത്തികമേഖലയിലെ നയരൂപീകരണത്തിന് സഹായകമാകും.
രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടിൽ സാന്പത്തിക സാധ്യതകളെക്കുറിച്ചുള്ള വിശദമായ വിശകലനവും വിവിധ മേഖലകളുടെ പ്രത്യേകമായ വിശകലനവും ഉണ്ടാകും. സാധാരണ ബജറ്റിനു തലേന്ന് മാർച്ചിലാണ് സർവെ പ്രസിദ്ധീകരിക്കുന്നത്.