ഹാത്രസ് ദുരന്തം: വിവാദ ആൾദൈവം ആശ്രമത്തിലെത്തി
Thursday, July 18, 2024 3:25 AM IST
ലക്നോ: യുപിയിലെ ഹാത്രസിൽ പ്രാർഥനാചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേർ മരിച്ച സംഭവത്തെത്തുടർന്ന് മുങ്ങിയ വിവാദ ആൾദൈവം ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായൺ സകർ ഹരി കാസ്ഗഞ്ചിലെ ആശ്രമത്തിൽ എത്തി.
കാസ്ഗഞ്ചിലെ ബഹദുർനഗറിലുള്ള ആശ്രമത്തിൽ ഭോലെ ബാബ എത്തിയെന്ന് അഭിഭാഷകനാണ് അറിയിച്ചത്.
ഇതുവരെ മറ്റൊരു ആശ്രമത്തിലായിരുന്നു അദ്ദേഹം. മറ്റേതെങ്കിലും രാജ്യത്തേക്ക് അദ്ദേഹം കടക്കുകയോ ഹോട്ടലിൽ താമസിക്കുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകനായ എ.പി. സിംഗ് പറഞ്ഞു.
കഴിഞ്ഞ രണ്ടാംതീയതി ഉണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി സർക്കാർ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇതോടൊപ്പം ജുഡീഷൽ കമ്മീഷനും സംഭവത്തിൽ അന്വേഷണം നടത്തും. അതേസമയം പോലീസിന്റെ കുറ്റപത്രത്തിൽ ആൾദൈവത്തെ പ്രതിചേർത്തിട്ടില്ല.