ചാന്ദിപുര വൈറസെന്ന് സംശയം: ഗുജറാത്തിൽ ആറു കുട്ടികൾ മരിച്ചു
Tuesday, July 16, 2024 2:26 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ അഞ്ചു ദിവസത്തിനിടെ ആറു കുട്ടികൾ ചാന്ദിപുര വൈറസ് ബാധിച്ചു മരിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ.
വൈറസ് ബാധിച്ച് സംസ്ഥാനത്ത് സമീപനാളുകളിൽ 12 പേർ മരിച്ചതായാണ് ഏകദേശകണക്ക്. കൊതുക്, ചെള്ള്, ഈച്ചകൾ എന്നിവയിലൂടെ പകരുന്ന വൈറസ്ബാധയിൽ വൈറൽപനിക്കു സമാനമായ രോഗലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. തലച്ചോറിനെയാണു വൈറസ് ബാധിക്കുന്നത്.
സബർകാന്ത ജില്ലയിൽ രോഗംബാധിച്ച് നാലുപേരാണ് മരിച്ചത്. രണ്ടു രോഗികൾ രാജസ്ഥാൻ കാരും ഒരാൾ മധ്യപ്രദേശ് സ്വദേശിയുമാണ്. വിശദമായ പരിശോധനയ്ക്കുശേഷമേ രോഗകാരണം സ്ഥിരീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.