ടി.പി. കേസ്: കുഞ്ഞനന്തന്റെ ഭാര്യയുടെ ഹർജിയിൽ നോട്ടീസ്
Tuesday, July 16, 2024 2:26 AM IST
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ ഭാര്യ വി.പി. ശാന്തയുടെ ഹർജിയിൽ സുപ്രീംകോടതി സംസ്ഥാനസർക്കാരിന് നോട്ടീസ് അയച്ചു.
കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്കെതിരേ ശാന്ത സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് അയച്ചത്.
ഒരുലക്ഷം രൂപ പിഴയും കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ചിരുന്നു. എന്നാൽ കുഞ്ഞനന്തൻ മരിച്ച സാഹചര്യത്തിൽ ഈ തുക ശാന്ത നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ശാന്തയുടെ ആവശ്യം.
കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരേ പ്രതികളായ കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ് എന്നിവർ നൽകിയ ഹർജിയിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ, കെ.കെ. രമ എന്നിവരുൾപ്പടെയുള്ള എതിർകക്ഷികൾക്കാണു നോട്ടീസ് അയച്ചത്. ഓഗസ്റ്റ് 20ന് ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിച്ചേക്കും.