ഫോൺ ചോർത്താൻ കേന്ദ്രം ശ്രമിക്കുന്നു ; ഗുരുതര ആരോപണവുമായി കെ.സി.
Sunday, July 14, 2024 2:11 AM IST
ന്യൂഡൽഹി: രഹസ്യങ്ങൾ ചോർത്താനായി കേന്ദ്രസർക്കാർ തന്റെ മൊബൈൽ ഫോണിൽ സ്പൈവെയർ സ്ഥാപിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപിയുടെ ആരോപണം. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന, ഭരണഘടനാവിരുദ്ധമായ നടപടികളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോണിൽ സ്പൈവെയർ സാന്നിധ്യമുണ്ടെന്ന ആപ്പിൾ കന്പനിയുടെ അറിയിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് വേണുഗോപാൽ സമൂഹമാധ്യമമായ എക്സിൽ ആരോപണം ഉന്നയിച്ചത്. “നിങ്ങളുടെ പ്രിയപ്പെട്ട സ്പൈവെയറിനെ എന്റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി മോദിജിക്കു നന്ദി. നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് ആപ്പിൾതന്നെ അറിയിച്ചു’’എന്ന കുറിപ്പും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടയെയും ഭരണഘടനയ്ക്കെതിരേയുള്ള ആക്രമണങ്ങളെയും ജനങ്ങൾ തള്ളിക്കളയുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും -കോൺഗ്രസിന്റെ സംഘടനാ ചുമതലകൂടി വഹിക്കുന്ന കെ.സി. വേണുഗോപാൽ പറഞ്ഞു.
2023 ഒക്ടോബർ 30നും സമാനമായ ഒരു അറിയിപ്പ് ആപ്പിൾ നൽകിയിരുന്നു. എന്നാൽ പഴയ സംഭവത്തിന്റെ ആവർത്തനമല്ല ഇത്തവണത്തേത്. ഫോണിൽ പുതിയ ഒരു സ്പൈവെയർ ആക്രമണം നടക്കുന്നുവെന്നാണ് സന്ദേശത്തിലൂടെ വ്യക്തമാകുന്നതെന്ന് വേണുഗോപാൽ വിശദീകരിച്ചു.