അഗ്നിവീര്‍ നഷ്ടപരിഹാരഘടന വിശദീകരിച്ച് വ്യോമസേന മുൻ മേധാവി
Friday, July 12, 2024 2:09 AM IST
ന്യൂഡൽഹി: വീരമൃത്യു വരിക്കുന്ന അഗ്നിവീർ സൈനികരുടെ കുടുംബത്തിന് സഹായധനം നൽകുന്ന പ്രക്രിയയ്ക്ക് സമഗ്ര മാർഗനിർദേശങ്ങൾ ഉള്ളതിനാൽ സാധാരണയായി രണ്ടുമുതല്‍ മൂന്ന് മാസം വരെയെടുക്കുമെന്ന് മുൻ വ്യോമസേന മേധാവി ആർ.കെ.എസ്. ഭദൗരിയ. നഷ്ടപരിഹാര ധനസഹായം സംബന്ധിച്ച പ്രക്രിയയിലെ ഘട്ടങ്ങൾ സാധാരണ സൈനികന്റെയും അഗ്നിവീറിന്റെയും കാര്യത്തിൽ ഒരു വ്യത്യാസവുമില്ല, ഒരുപോലെയാണെന്നും സ്വകാര്യ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.
യുദ്ധത്തിലോ അല്ലാതയോ ഉള്ള മരണകാരണം സ്ഥിരീകരിച്ചാൽ നഷ്ടപരിഹാരത്തിനും മറ്റ് സാമ്പത്തിക സഹായങ്ങള്‍ക്കും ഗവൺമെന്റ് പിന്തുടരുന്ന ഒരു പ്രക്രിയയുണ്ട്. അത് സ്ഥാപിക്കേണ്ടതുണ്ട്. ഈ സ്ഥിരീകരണ പ്രക്രിയയുടെ ഭാഗമായി ചില മാർഗനിർദേശങ്ങൾ പാലിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട്, സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്, അന്വേഷണ കോടതി, പോലീസ് റിപ്പോർട്ട് എന്നിവ പ്രധാന ഘടകങ്ങളാണ്. ഈ പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ സാധാരണ സൈനികനും അഗ്നിവീറും തമ്മിൽ വ്യത്യാസമില്ല.
വീരമൃത്യു വരിച്ച സൈനികന്റെ അടുത്ത ബന്ധുവിന് എല്ലാ സാമ്പത്തിക സാഹയവും ലഭ്യമാക്കാന്‍ സാധാരണഗതിയില്‍ രണ്ടുമുതല്‍ മൂന്നു മാസം വരെ സമയമെടുക്കുമെന്നും ഇത് അന്വേഷണം നടക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റിലെ പ്രതിരോധ ഉദ്യോഗസ്ഥർ അഗ്നിവീര്‍ കുടുംബത്തെ സന്ദർശിക്കുകയും ഈ പ്രക്രിയ കൃത്യമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. നഷ്ടപരിഹാര പ്രക്രിയയുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ ഇരുട്ടിൽ നിർത്തുന്നുവെന്ന ആരോപണം ശരിയല്ല.
‘"ഓരോ യൂണിറ്റും ഏറെ കരുതലെടുക്കുന്നു. കുടുംബത്തിനൊപ്പം നില്ക്കാന് അവര്‍ കഠിനശ്രമം നടത്തുന്നു. അവർ എപ്പോഴും കുടുംബവുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ സുദീര്‍ഘമായി വിശദീകരിക്കുകയും ചെയ്യുന്നു” - അദ്ദേഹം പറഞ്ഞു.സൈനികൻ വീരമൃത്യു വരിച്ചാല്‍ ഇൻഷ്വറൻസ് തുകയുടെ നല്ലൊരു ഭാഗം അടുത്ത ബന്ധുവിന് കൈമാറുമെന്നും ഭദൗരിയ ചൂണ്ടിക്കാട്ടി.
സാധാരണ സൈനികനെ സംബന്ധിച്ച് അവര്‍ക്ക് അവരുടേതായ പോളിസികളുണ്ട്. സാധാരണയായി 24 അല്ലെങ്കിൽ 48 മണിക്കൂറിനകം 50 ശതമാനം തുക കൈമാറും. ബാക്കിത്തുക ആശ്രിതരിൽ ആരുടെ പേരിലാണ് കൈമാറേണ്ടതെന്ന് അന്വേഷിച്ച് കൈമാറും.
സാധാരണ സൈനികരെപ്പോലെ അഗ്നിവീരന്മാർ അവരുടെ ശമ്പളത്തിന്റെ ഒരു വിഹിതവും ഇൻഷ്വറൻസിനായി സംഭാവന ചെയ്യേണ്ടതില്ലെന്നും മുഴുവൻ തുകയും നൽകുന്നത് കേന്ദ്ര ഗവൺമെന്റാണെന്നും വ്യോമ സേനാ മുൻ മേധാവി വ്യക്തമാക്കി
മൂന്ന് സേനകളിലും സാധാരണ സൈനികർക്ക് പങ്കാളിത്ത ഇൻഷ്വറൻസ് പദ്ധതിയാണ്. ഇതിനായി മാസം ഏകദേശം 5000 രൂപ സൈനികനിൽനിന്ന് ഈടാക്കും. ഇൻഷ്വറൻസ് തുക മൂന്ന് സേനകളിലും അല്പം വ്യത്യസ്തമാണെങ്കിലും സൈനികർക്ക് ഏകദേശം 50-60 ലക്ഷം രൂപയാകും. അത് പങ്കാളിത്ത രീതിയിലുള്ളതാണ്. അഗ്നിവീരന്മാരുടെ കാര്യത്തിൽ, അവർ വിഹിതം നൽകുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാർ ഇൻഷ്വറൻസ് നൽകുമെന്നും ഭദൗരിയ പറഞ്ഞു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിമരിച്ച് അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് 67 ലക്ഷം രൂപ അധികമായി ലഭിക്കുമെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്ക് മൊത്തം 1.65 കോടി രൂപ നൽകുമെന്നും ഭദൗരിയ പറഞ്ഞു.