രാമനഗര ജില്ലയുടെ പേര് ബംഗളൂരു സൗത്ത് എന്നാക്കുമെന്ന് സിദ്ധരാമയ്യ
Thursday, July 11, 2024 1:35 AM IST
മൈസൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് ബംഗളൂരു സൗത്ത് എന്നു മാറ്റാൻ മന്ത്രിസഭ ഉടൻ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബംഗളൂരിനോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ രാമനഗര എന്നത് ബംഗളൂരു സൗത്ത് ആക്കണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്കിയിരുന്നു.
രാമനഗര, മഗാഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ ചേർന്നതാണ് സിൽക്ക് സിറ്റി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാമനഗര ജില്ല. ബംഗളൂരുവിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗര ടൗൺ ജില്ലാ ആസ്ഥാനമാക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കുവേണ്ടി ജില്ലയെ ചൂഷണം ചെയ്യാനാണു സർക്കാർ ഇങ്ങനെയൊരു ശിപാർശ നടപ്പാക്കുന്നതെന്ന് ജെഡി -എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
പേരുമാറ്റ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയാൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് കുമാരസ്വാമി നേരത്തേ പറഞ്ഞിരുന്നു. 2007ൽ രാമനഗര ജില്ല രൂപവത്കൃതമാകുന്പോൾ ജെഡി-എസ്- ബിജെപി സഖ്യത്തിൽ കുമാരസ്വാമി മുഖ്യമന്ത്രിയാണ്.