സിക്കിം നിയമസഭയിൽ ഇനി പ്രതിപക്ഷമില്ല
Thursday, July 11, 2024 1:35 AM IST
ഗാംഗ്ടോക്: സിക്കിം നിയമസഭയിലെ ഏക എസ്ഡിഎഫ് എംഎൽഎ ടെൻസിംഗ് നോർബു ലാംത ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം)യിൽ ചേർന്നു. മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ചശേഷമാണ് എസ്കെഎമ്മിൽ ചേർന്നതെന്ന് ലാംത പറഞ്ഞു.
ഇതോടെ സിക്കിമിലെ 32 എംഎൽഎമാരും എസ്കെഎം അംഗങ്ങളായി. ഷ്യാരി മണ്ഡലത്തിൽനിന്നാണ് ലാംത തെരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന എസ്കെഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കുംഗ നിമ ലെപ്ചയെ 1314 വോട്ടിനാണ് ലാംത പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതു മുതൽ ലാംത എസ്കെഎമ്മിൽ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. മണ്ഡലത്തിലെ വികസനം മുൻനിർത്തി ഭരണകക്ഷിയിൽ ചേരുമെന്ന സൂചന ലാംത നല്കിയിരുന്നു. ലാംതയെ മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് എസ്കെഎമ്മിലേക്കു സ്വാഗതം ചെയ്തു.