റോഡ് പദ്ധതി പൂർത്തിയാക്കാൻ കാലു പിടിക്കാമെന്ന് നിതീഷ്
Thursday, July 11, 2024 1:35 AM IST
ന്യൂഡൽഹി: ബിഹാർ തലസ്ഥാനമായ പാറ്റ്നയിലെ റോഡ് വികസന പദ്ധതി വേഗത്തിലാക്കാൻ കാലു പിടിക്കാനും തയാറെന്ന് പദ്ധതിനടത്തിപ്പുകാരായ സ്വകാര്യ കന്പനിയുടെ പ്രതിനിധിയോടു മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ, വേദിയിലുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബിഹാറിലെ ഭൂമി തർക്കങ്ങൾ വിപുലമായ സർവേകൾ നടത്തി വേഗത്തിൽ പരിഹരിക്കുന്നതിന് കാലു പിടിക്കാൻ തയാറാണെന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനോട് നിതീഷ് കുമാർ പറഞ്ഞതു വിവാദമായി ഒരാഴ്ചയ്ക്കകമാണ് മുഖ്യമന്ത്രിയുടെ പരസ്യമായ രണ്ടാമത്തെ കാലുപിടിത്ത അഭ്യർഥന. ഭൂമിതർക്കങ്ങളാണു ബിഹാറിലെ പല അക്രമങ്ങൾക്കും പിന്നിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പാറ്റ്ന നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു സഹായിക്കുന്ന നദീതീരത്തെ എക്സ്പ്രസ് പാതയായ "ജെപി ഗംഗാ പഥി' ന്റെ ഒരു ഭാഗം ഇന്നലെ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ കാലുപിടിക്കൽ പരാമർശം ഉണ്ടായത്.
ഈ എക്സ്പ്രസ് പാതയുടെ ശേഷിക്കുന്ന ഭാഗം ഈ വർഷം പൂർത്തിയാക്കണമെന്നും ഇതിനായി വേണമെങ്കിൽ കാലിൽ തൊടാമെന്നുമായിരുന്നു പദ്ധതി നടത്തിപ്പുകാരായ സ്വകാര്യ കന്പനിയുടെ വേദിയിലുണ്ടായിരുന്ന പ്രതിനിധിയോടു നിതീഷ് പറഞ്ഞതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
“നിങ്ങൾക്കു വേണമെങ്കിൽ ഞാൻ നിങ്ങളുടെ പാദങ്ങളിൽ തൊടാം’’ (കഹിയേ തോ ഹം ആപ്കാ പൈർ ഛു ലെതേ ഹേ) എന്ന മുഖ്യമന്ത്രിയുടെ പരാമർശം വേദിയിലുണ്ടായിരുന്നവരെയെല്ലാം ഞെട്ടിച്ചു. റോഡ് പദ്ധതിയുടെ നിർമാണജോലികൾ പുരോഗമിക്കുന്നതിലെ കാലതാമസത്തിലുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, മുൻ കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ രവിശങ്കർ പ്രസാദ് തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര പരാമർശം, കസേരയിൽനിന്നെഴുന്നേറ്റ് കരാർ കന്പനിയുടെ പ്രതിനിധിയെ നോക്കി നിതീഷ് കേണപേക്ഷിച്ചതു കേട്ട് വേദിയിലും സദസിലുമുള്ളവർ അദ്ഭുതപ്പെട്ടു.
“സർ, ദയവായി ഇതു ചെയ്യരുത് ’’ എന്നു പറഞ്ഞ് സ്വകാര്യ കന്പനി പ്രതിനിധി പിന്നോട്ടു മാറുന്നത് വൈറലായ വീഡിയോയിൽ കാണാം. രാഷ്ട്രീയനേതാക്കളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയോട് ഇതേ അഭ്യർഥന നടത്തി.
മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ഉപമുഖ്യമന്ത്രിമാരും ഇടപെട്ട് അനാവശ്യമായ രംഗം സൃഷ്ടിക്കരുതെന്ന് നിതീഷിനോട് അഭ്യർഥിച്ചതിനെത്തുടർന്ന് അദ്ദേഹം കസേരയിലിരുന്നു.