നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ച: സിബിഐ കേസ് രജിസ്റ്റർ ചെയ്തു
സ്വന്തം ലേഖകൻ
Monday, June 24, 2024 3:54 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വൈകാതെ സിബിഐ കസ്റ്റഡിയിലെടുക്കും. ചോദ്യപ്പേപ്പർ ചോർച്ച ആദ്യം കണ്ടെത്തിയ ബിഹാർ പോലീസിലെ സാന്പത്തിക കുറ്റകൃത്യം തടയൽ വിഭാഗം 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങളും സിബിഐക്കു കൈമാറും.
ചോദ്യപേപ്പർ പരീക്ഷാകേന്ദ്രത്തിലേക്ക് ചിലയിടങ്ങളിൽ കൊറിയർ സർവീസ് വഴിയാണ് അയച്ചതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ കോച്ചിംഗ് സെന്റർ ജീവനക്കാരെയും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്യും.