"എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചത്; മോദിക്ക് ജനവിധിയില്ല'; കൂട്ടുകക്ഷി സർക്കാരിനെക്കുറിച്ച് ഖാർഗെ
Sunday, June 16, 2024 2:08 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേന്ദ്രത്തിലെ മൂന്നാം നരേന്ദ്ര മോദി സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദിക്ക് ജനവിധിയില്ലെന്നും കേന്ദ്രത്തിലേതു ന്യൂനപക്ഷ സർക്കാരാണെന്നും ഖാർഗെ പറഞ്ഞു.
“എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണ്. മോദിജിക്ക് ജനവിധി ഇല്ല. ഇതൊരു ന്യൂനപക്ഷ സർക്കാരാണ്. ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം. ഈ സർക്കാർ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
രാജ്യത്തിന് അതു നല്ലതാകട്ടെ. രാജ്യത്തെ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കണം. എന്നാൽ, എന്തെങ്കിലും നന്നായി തുടരുന്നത് അനുവദിക്കാത്ത ശീലം പ്രധാനമന്ത്രിക്കുണ്ട്. എങ്കിലും രാജ്യം ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ സഹകരിക്കും’’- ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ഖാർഗെ പറഞ്ഞു.
മോദിയുടെ രാഷ്ട്രീയജീവിതത്തിൽ ആദ്യമായി, അദ്ദേഹം നയിക്കുന്ന കൂട്ടുകക്ഷി സർക്കാർ കാലാവധി പൂർത്തിയാക്കുമോയെന്ന സംശയങ്ങൾക്കിടയിലുള്ള ഖാർഗെയുടെ പ്രസ്താവന കരുതിക്കൂട്ടിയാകാമെന്നാണു വിലയിരുത്തൽ. രാഷ്ട്രീയ, ഭരണ മേഖലകളിൽ രാജ്യത്തെതന്നെ ഏറ്റവും പരിണതപ്രജ്ഞരിലൊരാളും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമാണു ഖാർഗെ.
മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സർക്കാരിനെ നയിച്ച ബിജെപിക്കും മോദിക്കും ആദ്യമായാണ് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത്. 543 അംഗ ലോക്സഭയിൽ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണു ലഭിച്ചത്. ഭൂരിപക്ഷത്തിന് 272 എംപിമാർ വേണം.
ടിഡിപി, ജെഡി-യു അടക്കം നിരവധി സഖ്യകക്ഷികളുടെ സീറ്റുകൾ കൂടെ കൂട്ടിയിട്ടും 300 എന്ന മാജിക് സംഖ്യയിലെത്താൻ എൻഡിഎ മുന്നണിക്കായില്ല. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലും അമേഠിയിലുമടക്കം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളിൽ ബിജെപി തോറ്റതും കനത്ത തിരിച്ചടിയായിരുന്നു. സിറ്റിംഗ് പ്രധാനമന്ത്രിമാരിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് വാരാണസിയിൽ മോദി കൂപ്പുകുത്തിയതും നാണക്കേടായി.
ലോക്സഭയിൽ 234 സീറ്റുകൾ നേടി പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കും വൻ മുന്നേറ്റമാണു നടത്തിയത്. സാങ്കേതികമായി കോണ്‍ഗ്രസിന് തനിയെ 99 സീറ്റുകളാണെങ്കിലും റിബലായി മത്സരിച്ച രണ്ടുപേർ കൂടി പാർട്ടിയെ പിന്തുണച്ച് കത്തു നൽകിയതോടെ നിലവിൽ 101 എംപിമാരുണ്ട്.
വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ഗാന്ധി രാജിവയ്ക്കുന്ന സീറ്റിൽനിന്ന് ഒരാൾക്കൂടി എത്തിയാൽ കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചവരുടെ എണ്ണം മൂന്നക്കത്തിലെത്തും. കഴിഞ്ഞ ലോക്സഭയിൽ വെറും 52 എംപിമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്.
അതേസമയം, രാജ്യത്ത് അരാജകത്വത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ഖാർഗെയുടെ പ്രസ്താവനയെന്ന് ജെഡി-യു വക്താവ് കെ.സി. ത്യാഗി ആരോപിച്ചു. എന്നാൽ, രാജ്യത്തെ വോട്ടർമാർ മോദിയെ തിരസ്കരിച്ചുവെന്നും മോദി സർക്കാരിനെതിരാണു ജനവിധിയെന്നും, ഖാർഗെ പറഞ്ഞതു ശരിയാണെന്നുമാണ് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് തിരിച്ചടിച്ചത്.