ജി-7 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി നാളെ ഇറ്റലിയിലേക്ക്
Wednesday, June 12, 2024 1:27 AM IST
ന്യൂഡൽഹി: മൂന്നാം തവണ അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇറ്റലിയിലേക്ക്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി-7 രാഷ്ട്രത്തലവന്മാരുടെ വാർഷിക ഉച്ചകോടിയിലെ പ്രത്യേക ക്ഷണിതാവായാണു മോദി പങ്കെടുക്കുക.
ഇറ്റലിയിലെ അപുലിയ മേഖലയിലെ ആഡംബര റിസോർട്ടായ ബോർഗോ എഗ്നാസിയയിൽ വെള്ളിയാഴ്ച നടക്കുന്ന ജി-7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തും.
ഗാസയിലെ സംഘർഷവും യുക്രെയ്ൻ യുദ്ധവും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ലോകത്തിലെ ഏറ്റവും സന്പന്ന രാഷ്ട്രങ്ങളുടെ തലവന്മാരുടെ സമ്മേളനം. റഷ്യൻ അധിനിവേശത്തിനെതിരേ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ഉച്ചകോടിയിൽ പ്രസംഗിക്കും.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ഉൾപ്പെടെ ഉന്നതതല സംഘം പ്രധാനമന്ത്രിയെ അനുഗമിക്കും. നാളെ ഇറ്റലിയിലേക്കു പോകുന്ന മോദി വെള്ളിയാഴ്ച ഉച്ചകോടിയിൽ സംബന്ധിച്ച ശേഷം രാത്രിതന്നെ ഡൽഹിയിലേക്കു മടങ്ങനാണു സാധ്യത.
എന്നാൽ മോദിയുടെ ഇറ്റലി സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം മേയിൽ ഹിരോഷിമയിൽ നടന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു.
ഇറ്റലിയിൽനിന്നു തിരിച്ചെത്തിയ ശേഷം ചൊവാഴ്ച വാരാണസിയിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം രാത്രി ദശാശ്വമേധ് ഘട്ടിലെത്തി ഗംഗാ ആരതി പൂജയും മോദി നടത്തും.
ജൂലൈ മൂന്ന്, നാല് തീയതികളിൽ കസാക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ സംഘടനയിലെ (എസ്സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാകും മൂന്നാം വരവിലെ മോദിയുടെ രണ്ടാമത്തെ വിദേശയാത്ര.
കസാക്കിസ്ഥാനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണു പ്രതീക്ഷ. ഇതിനു പിന്നാലെ തായ്ലൻഡിൽ സെപ്റ്റംബറിൽ നടക്കുന്ന ബിംസ്റ്റെക് സമ്മേളനത്തിലും ഒക്ടോബറിൽ റഷ്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും.