കരസേനയുടെ പുതിയ മേധാവി ജൂണിൽ
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: പുതിയ കരസേനാ മേധാവിയെ അടുത്ത കേന്ദ്രസർക്കാർ ജൂണിൽ പ്രഖ്യാപിക്കും. നിലവിലെ മേധാവി ജനറൽ മനോജ് പാണ്ഡെ വിരമിക്കുന്നതിന് ദിവസങ്ങൾക്കുമുന്‍പ് ഒരു മാസത്തേക്ക് സർവീസ് കാലാവധി നീട്ടിനൽകിയിരുന്നു.
1962 മേയ് ആറിന് ജനിച്ച ജനറൽ പാണ്ഡെ മേയ് 31 നാണു വിരമിക്കേണ്ടിയിരുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് നിയമന കമ്മിറ്റിയാണ് ജൂണ്‍ 30 വരെ സർവീസ് കാലാവധി നീട്ടി നൽകിയത്.
പാണ്ഡെയ്ക്കുശേഷം കരസേനാ മേധാവിസ്ഥാനത്തേക്ക് എത്തേണ്ടിയിരുന്ന ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയും ലഫ്. ജനറൽ എ.കെ. സിംഗും ജൂണ്‍ 30 ന് വിരമിക്കും. 1964 ജൂണിൽ ഇവർക്ക് 60 വയസ് പൂർത്തിയാകും.
കരസേനാ മേധാവിക്കുമാത്രം വിരമിക്കൽ പ്രായം 62 വയസോ മൂന്നുവർഷമോ (ഏതാണോ ആദ്യം) ആണ്. ജനറൽ പാണ്ഡെ മേയ് 31ന് വിരമിച്ചിരുന്നെങ്കിൽ ഇവരിൽ ആരെങ്കിലും കരസേനാ മേധാവിയാകുമായിരുന്നു. 1962 ഒക്ടോബർ 20 മുതൽ നവംബർ 20 വരെ നടന്ന ഇന്ത്യ- ചൈന യുദ്ധത്തിനുശേഷം ജനിച്ചയാളാകും പുതിയ കരസേനാ മേധാവി.