ഇംഫാൽ താഴ്വര പ്രളയഭീതിയിൽ
Thursday, May 30, 2024 2:06 AM IST
ഇംഫാൽ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് മണിപ്പുരിലെ ഇംഫാൽ താഴ്വര പ്രളയഭീതിയിൽ. ഇംഫാൽ നദി നിരവധിയിടങ്ങളിൽ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ നൂറുകണക്കിനു വീടുകളിലാണു വെള്ളം കയറിയത്. ആയിരക്കണക്കിനാളുകൾ സാമൂഹ്യസേവന കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.
ഇംഫാൽ ഈസ്റ്റിലെ കീരാംഗ്, ഖബാം, ലാരിയേങ്ബാം, ലെയ്കി മേഖലയിലാണു കെടുതികൾ രൂക്ഷം. താഴ്വരയിൽ ഏകദേശം നാലായിരത്തോളം ആളുകൾ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ നേരിടുകയാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. പോലീസും എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനം തുടരുകയാണ്.
അതിനിടെ ഇംഫാലിനെ സിൽച്ചാറുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 37 ലെ പാലം തകർന്നതോടെ മേഖലയിലെ ഗതാഗതവും താറുമാറായിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് ഇന്നലെ മുതൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. പ്രളയക്കെടുതി നേരിടാൻ യൂറോപ്യൻ യൂണിയൻ രണ്ടുകോടി 26 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു.