ഇടക്കാല ജാമ്യം നീട്ടണമെന്ന കേജരിവാളിന്റെ ഹർജി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് കോടതി
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം ഒരാഴ്ചകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി സ്വീകരിക്കാൻ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചു.
ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ കേജരിവാളിനോട് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇക്കാരണത്താൽ അപേക്ഷ സ്വീകരിക്കാൻ സാധിക്കില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി.
കൂടാതെ അറസ്റ്റ് ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവച്ചതിനാൽ ഇടപെടാനാകില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയായിരുന്നു. ഇതോടെ വിചാരണക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിൽ ജൂണ്‍ രണ്ടിന് കേജരിവാളിന് ജയിലിലേക്കു മടങ്ങേണ്ടിവരും.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കുകൂടി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് കേജരിവാൾ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ പെറ്റ് സ്കാൻ അടക്കമുള്ള മെഡിക്കൽ പരിശോധനയ്ക്കു വിധേയനാകണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ജാമ്യം നീട്ടി നൽകാൻ കേജരിവാൾ കോടതിയെ സമീപിച്ചത്.