ഹിമാചലിൽ എന്തും സംഭവിക്കും
Thursday, May 30, 2024 2:06 AM IST
സെബിൻ ജോസഫ്
കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും ഹിമാചൽപ്രദേശിലെ നാലു മണ്ഡലങ്ങളും ബിജെപിക്കൊപ്പമായിരുന്നു. 2021 ലെ ഉപതെരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചെങ്കിലും നാലും നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണു ബിജെപി.
എന്നാൽ, പ്രത്യേക സാന്പത്തിക പാക്കേജ് കേന്ദ്രസർക്കാർ നിഷേധിച്ചതും പ്രകൃതിദുരന്തത്തിനുള്ള കേന്ദ്രസഹായം വൈകിയതും അഗ്നിവീർ പദ്ധതിയും ഫെബ്രുവരിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ ചാക്കിട്ടുപിടുത്തവും ബിജെപിക്കു തിരിച്ചടിയായേക്കും. സംസ്ഥാനസർക്കാരിന്റെ ക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കാംഗ്ര, മാണ്ഡി, ഹമീർപുർ, ഷിംല എന്നിവയാണ് ഹിമാചലിലെ നാലു ലോക്സഭാ മണ്ഡലങ്ങൾ. ജൂണ്‍ ഒന്നിനു നടക്കുന്ന അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആറു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
അഞ്ചാം വിജയം തേടി അനുരാഗ് ഠാക്കൂർ
ഹമീർപുരിലെ സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ അനുരാഗ് സിംഗ് ഠാക്കൂർ അഞ്ചാം വിജയം തേടിയാണു വോട്ട് പിടിക്കുന്നത്. പിതാവ് പ്രേംകുമാർ ധുമൽ 2008 മേയിൽ മുഖ്യമന്ത്രിയാകാൻ എംപിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് അനുരാഗ് ഠാക്കൂർ ലോക്സഭയിലേക്ക് ആദ്യമായി മത്സരിച്ചു.
പിന്നീട് 2009 ൽ 72,732 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഠാക്കൂർ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടുവന്നു. 2019 ൽ 3,99,572 വോട്ടായിരുന്നു ഭൂരിപക്ഷം. ഹമീർപുരിൽനിന്ന് ജയിക്കുന്നത് എംപിയല്ല കേന്ദ്രമന്ത്രിയാണെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഉന നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ സത്പാൽ സിംഗ് റെയിസാദയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി.
17 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഹമീർപുർ മണ്ഡലം. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി എന്നിവരുടെ നിയമസഭാമണ്ഡലങ്ങളും ഹമീർപുരിലാണ്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കാലുമാറിയ നാലു വിമത കോണ്‍ഗ്രസ് എംഎൽഎമാരുടെയും സ്വതന്ത്ര എംഎൽഎയുടെയും മണ്ഡലങ്ങളും ഇതിൽപ്പെടുന്നു.
അതിനാൽ, മണ്ഡലത്തിൽ നടക്കുന്നത് അതിശക്തമായ മത്സരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപദ്ധതികളും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളും ഉയർത്തിക്കാട്ടിയാണ് ഠാക്കൂർ വോട്ട് പിടിക്കുന്നത്. സൈനികർ ധാരാളമുള്ള സംസ്ഥാനത്തെ വോട്ടർമാരെ ആകർഷിക്കാൻ ബിജെപി വണ്‍ റാങ്ക് വണ്‍ പെൻഷൻ പദ്ധതിയും ഉയർത്തിക്കാട്ടുന്നു.
അഗ്നിവീർ പ്രതീക്ഷയിൽ കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധം അഗ്നിവീർ പദ്ധതിയാണ്. സൈന്യത്തിൽ കരാർ നിയമനത്തിനു വഴിവച്ച അഗ്നിവീർ മറച്ചുപിടിക്കാൻ വണ്‍ റാങ്ക് വണ്‍ പെൻഷൻ പദ്ധതിയെ ബിജെപി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി റദ്ദാക്കുമെന്നു പ്രകടനപത്രികയിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യ മുന്നണി സർക്കാർ അധികാരത്തിൽ എത്തിയാൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ സ്ത്രീകൾക്ക് മാസം 8,500 രൂപ നൽകുമെന്നും പ്രഖ്യാപനമുണ്ട്. ഇതുകൂടാതെ സംസ്ഥാന സർക്കാർ 1,500 രൂപ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് ആശ്വാസമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാർ പാലിന് വിലവർധന ഏർപ്പെടുത്തിയിട്ടുണ്ട്. ബിജെപിസർക്കാർ ഹിമാചൽപ്രദേശിലെ ടൂറിസം മേഖല തകർത്തതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രചാരണറാലിയിൽ കുറ്റപ്പെടുത്തുന്നു. സോണിയാ ഗാന്ധിയുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്നത് ഷിംലയിലാണ്. ഇവിടെയാണ് പ്രിയങ്കയും കുടുംബവും താമസിക്കുന്നത്.
താരമണ്ഡലം മണ്ഡി
ഉപതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡി തിരിച്ചുപിടിക്കാൻ ബിജെപി ഇക്കുറി മത്സരിപ്പിക്കുന്നത് ബോളിവുഡ് നടി കങ്കണ റണൗതിനെയാണ്. ബോളിവുഡ് സിനിമാലോകം നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും പറഞ്ഞിട്ടുള്ള കങ്കണ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചാൽ സിനിമാജീവിതം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗാണു കോണ്‍ഗ്രസ് സ്ഥാനാർഥി. ബിഎസ്പി സ്ഥാനാർഥി പ്രകാശ് ചന്ദ് ഭരദ്വാജും മത്സരരംഗത്തുണ്ട്. വിക്രമാദിത്യ സിംഗിന്റെ അമ്മ പ്രതിഭാ സിംഗാണ് മണ്ഡിയിലെ സിറ്റിംഗ് എംപി. 2019ൽ മണ്ഡിയിൽനിന്നു വിജയിച്ച ബിജെപി എംപി റാം സ്വരൂപ് ശർമ അന്തരിച്ചതിനെത്തുടർന്ന് 2021ൽ നടന്ന ഉപതരഞ്ഞെടുപ്പിലാണ് പ്രതിഭാ സിംഗ് വിജയിച്ചത്.
കാംഗ്ര മണ്ഡലത്തിൽ ബിജെപിയുടെ രാജീവ് ഭരദ്വാജും കോണ്‍ഗ്രസിന്റെ ആനന്ദ് ശർമയും തമ്മിലാണു മത്സരം. സംവരണമണ്ഡലമായ സിംലയിൽ ബിജെപിയുടെ സുരേഷ് കുമാർ കാശ്യപും കോണ്‍ഗ്രസിലെ വിനോദ് സുൽത്താൻ പുരിയും ഏറ്റുമുട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, പരസ്പരം ആരോപണം ഉന്നയിച്ചാണ് പാർട്ടികൾ മുന്നേറുന്നത്.
ഹിമാചൽപ്രദേശിൽ കോണ്‍ഗ്രസ് അട്ടിമറിവിജയം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പ്രകൃതിദുരന്ത സഹായം വൈകിപ്പിച്ച കേന്ദ്രനടപടിയും അഗ്നിവീറും ബിജെപിക്കു തിരിച്ചടിയാകുമെന്നാണു വിലയിരുത്തൽ.