തെരഞ്ഞെടുപ്പ് ‘ചൂടിൽ’ ഉത്തരേന്ത്യ; കുപ്പിവെള്ളം തലയിൽ കമഴ്ത്തി രാഹുൽ
Thursday, May 30, 2024 2:06 AM IST
ലക്നോ: മഴ കേരളത്തെ തെരഞ്ഞെടുത്ത് വൻപോളിംഗ് നടത്തുമ്പോൾ സൂര്യൻ ഉത്തരേന്ത്യയിൽ ചൂടൻ പര്യടനത്തിലാണ്. തെരഞ്ഞെടുപ്പുചൂടിനൊപ്പം താപനിലയും ഉയർന്നതോടെ നേതാക്കൾ ശരിക്കും ‘ഉഷ്ണിച്ചു’തുടങ്ങി. ബുധനാഴ്ച ഉത്തർപ്രദേശിലെ ദേവ്രിയയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സൂര്യന്റെ ‘ചൂട്’ നേരിട്ടറിഞ്ഞു.
പ്രചാരണ വേദിയിൽ തലയിൽ കുപ്പിവെള്ളം കമഴ്ത്തിയാണ് രാഹുൽ ചൂടിനെ നേരിട്ടത്. പ്രസംഗത്തിനിടെയാണു കുടിക്കാനായി നൽകിയ കുപ്പിവെള്ളം രാഹുൽ തലയിൽ ഒഴിച്ചത്. ‘വളരെ ചൂടാണല്ലേ’യെന്ന് അദ്ദേഹം സദസിനോടു ചോദിക്കുകയും ചെയ്തു.
ബൻസ്ഗാവ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സദൽ പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് രാഹുലിനെ ചൂട് വലച്ചത്.
ബിജെപിയുടെ സിറ്റിംഗ് എംപി കമലേഷ് പാസ്വാനാണ് പ്രസാദിന്റെ എതിരാളി. ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്.