ഒഡീഷയുടെ ധാതുസമ്പത്തിന്റെ സിംഹഭാഗവും കേന്ദ്രം കവർന്നെടുക്കുന്നു: വി.കെ. പാണ്ഡ്യൻ
Thursday, May 30, 2024 2:06 AM IST
ഭുവനേശ്വർ: ഒഡീഷ ധാതുക്കളാൽ സമ്പന്നമാണെങ്കിലും ഇതിൽനിന്നുള്ള നേട്ടത്തിന്റെ സിംഹഭാഗവും കേന്ദ്രം കവർന്നെടുക്കുകയാണെന്നു മുതിർന്ന ബിജെഡി നേതാവ് വി.കെ. പാണ്ഡ്യൻ.
സംസ്ഥാനം പ്രകൃതിവിഭങ്ങളാലും ധാതുക്കളാലും സമ്പന്നമാണെങ്കിലും ജനങ്ങൾ ദരിദ്രരാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമർശനത്തിനു മറുപടി നൽകുകയായിരുന്നു പാണ്ഡ്യൻ. “ഒഡീഷ ധാതുക്കളാൽ സമ്പന്നമാണ്.
എന്നാൽ ഇതിന്റെ നേട്ടം മുഴുവൻ കേന്ദ്രത്തിനാണ്. ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുകയാണ്. കേന്ദ്രം കൽക്കരിഖനികളിൽനിന്ന് ഏകദേശം 50,000 മുതൽ 60,000 കോടി രൂപ വരെയാണു സ്വന്തമാക്കുന്നത്. എന്നാൽ സംസ്ഥാനത്തിന് നൽകുന്നത് 4,000 കോടി രൂപ മാത്രവും.
ഈ പ്രശ്നം ഉന്നയിക്കുമ്പോഴെല്ലാം ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തെക്കുറിച്ചും മുഖ്യമന്ത്രിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയും അവർ വിഷയത്തെ വഴിതിരിച്ചുവിടുകയാണ്’’- ബാലസോറിൽ വാർത്താസമ്മേളനത്തിൽ പാണ്ഡ്യൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി കൽക്കരി റോയൽറ്റി പരിഷ്കരിക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുകയാണെന്നും ഇതിലൂടെ സംസ്ഥാനത്തിന് പ്രതിവർഷം 10,000 കോടിയുടെ നഷ്ടമാണുണ്ടാകുന്നതെന്നും പാണ്ഡ്യൻ കുറ്റപ്പെടുത്തി.
കൽക്കരി ഖനനം മൂലം സംസ്ഥാനം മലിനീകരണം സഹിക്കുമ്പോൾ അതിന്റെ പരമാവധി നേട്ടം കേന്ദ്രത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.