കേന്ദ്ര തസ്തികയിൽ തിരക്കിട്ടു നിയമനം; ആശങ്ക രേഖപ്പെടുത്തി പ്രശാന്ത് ഭൂഷണ്
Wednesday, May 29, 2024 1:44 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്പ് കേന്ദ്രസർക്കാരിന്റെ ചില തസ്തികകളിൽ അടിയന്തര നിയമനം നടത്തിയതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്.
കേന്ദ്രസർക്കാരിന്റെ നടപടി അസ്വാഭാവികമാണെന്നും തെരഞ്ഞെടുപ്പുഫലത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭയക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സെക്രട്ടറിതലത്തിൽ പുതിയ നിയമനങ്ങൾ അടക്കമുള്ള ഉദ്യോഗസ്ഥ പുനഃസംഘടനയ്ക്കാണ് കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. അഞ്ചു തസ്തികകളിലാണ് പുതിയ നിയമനം നടത്തിയത്. കാബിനറ്റ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാർ ത്രി പാഠിയെ ലോക്പാൽ സെക്രട്ടറിയായി നിയമിച്ചു.
നിയമ സെക്രട്ടറിയായി രാജ്കുമാർ ഗോയലിനെയും അതിർത്തി മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയായി രാജേന്ദ്ര കുമാറിനെയും നിയമിച്ചു. സാമൂഹ്യനീതി വകുപ്പിലെ സെക്രട്ടറിയായി അമിത് യാദവിനെയും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചെയർമാനായി രാകേഷ് രഞ്ജനെയും പുതുതായി നിയമിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് പുതിയ നിയമനം. ഇതിൽ ആശങ്കയുണ്ടെന്ന് പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു.