അകാലിദളിന് ഇടമില്ലാത്ത അമൃത്സർ
Wednesday, May 29, 2024 1:44 AM IST
സിക്കുകാർ പാവനമായി കരുതുന്ന സുവർണക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലമാണ് അമൃത്സർ. എന്നാൽ, ഇവിടെനിന്ന് ഇതുവരെ ഒരു അകാലിദൾ സ്ഥാനാർഥി വിജയിച്ചിട്ടില്ല. മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ മണ്ഡലത്തിൽ നടന്ന 20 തെരഞ്ഞെടുപ്പുകളിൽ 13 തവണയും വിജയിച്ചതു കോണ്‍ഗ്രസാണ്. ജനസംഘം ഒരു തവണയും ബിജെപി നാലു തവണയും വിജയിച്ചു. മുൻ കേരള ഗവർണറായിരുന്ന ആർ.എൽ. ഭാട്ടിയ അമൃത്സറിൽനിന്ന് ആറു തവണ ലോക്സഭാംഗമായി.
നവജ്യോത് സിംഗ് സിദ്ദു മൂന്നു തവണ ബിജെപി ടിക്കറ്റിൽ വിജയിച്ചു. ബിജെപി നേതാക്കളായ ഹർദീപ് സിംഗ് പുരിയും അരുണ്‍ ജയ്റ്റ്ലിയും അമൃത്സറിൽ തോറ്റു. 2014ൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ജയ്റ്റ്ലിയെ തോൽപ്പിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രിയായതിനെത്തുടർന്ന് അമരീന്ദർ 2017ൽ രാജിവച്ചതുമൂലം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഗുർജീത് സിംഗ് ഓജ് വിജയിച്ചു. 2019ൽ ഇദ്ദേഹം വിജയമാവർത്തിച്ചു. ഇത്തവണയും ഓജ്ലയാണു കോണ്‍ഗ്രസ് സ്ഥാനാർഥി.
പഞ്ചാബിൽ അകാലിദൾ-ബിജെപി സഖ്യം രൂപംകൊണ്ടതിനുശേഷം അമൃത് സർ മണ്ഡലത്തിൽ പതിവായി മത്സരിക്കുന്നത് ബിജെപിയായിരുന്നു. ബിജെപിയുമായി സഖ്യം അവസാനിപ്പിച്ച അകാലിദൾ അനവധി വർഷങ്ങൾക്കുശേഷം അമൃത്സർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നു.
മുൻ ബിജെപി നേതാവ് അനിൽ ജോഷിയാണ് അകാലിദൾ ടിക്കറ്റിൽ ജനവിധി തേടുന്നത്. അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരണ്‍ജിത് സിംഗ് സന്ധു(61)വാണു ബിജെപി സ്ഥാനാർഥി. അജ്നാല എംഎൽഎ കുൽദീപ് സിംഗ് ധലിവാൽ എഎപി ടിക്കറ്റിൽ മത്സരിക്കുന്നു.