നുഴഞ്ഞുകയറ്റം മൂലം ആദിവാസി ജനസംഖ്യ കുറയുന്നുവെന്ന് മോദി
Wednesday, May 29, 2024 1:44 AM IST
ദുംക: നുഴഞ്ഞുകയറ്റം മൂലം സന്താൾ പർഗാനസിൽ ആദിവാസി ജനസംഖ്യ കുറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡിലെ ജെഎംഎം സർക്കാർ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മോദി പറഞ്ഞു. ദുംകയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വലിയ പ്രതിസന്ധി ജാർഖണ്ഡ് നേരിടുന്നു. സന്താൾ പർഗാനസ് നുഴഞ്ഞുകയറ്റഭീഷണി നേരിടുന്നു. മിക്ക മേഖലകളിലും ആദിവാസി ജനസംഖ്യ അതിവേഗം കുറയുന്നു. നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വർധിക്കുന്നു.
ആദിവാസികളുടെ ഭൂമി നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തുന്നു. ആദിവാസി പെൺകുട്ടികളെ ലക്ഷ്യമിടുന്നു. അവരുടെ സുരക്ഷിതത്വം ഭീഷണി നേരിടുന്നു. ആദിവാസി പെൺകുട്ടികളെ കൊലപ്പെടുത്തി അന്പതു കഷണമാക്കി, ജീവനോടെ കത്തിച്ചു.
എന്തുകൊണ്ടാണ് ജെഎംഎം സർക്കാർ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നത്? ലവ് ജിഹാദ് ആരംഭിച്ചത് ജാർഖണ്ഡിൽനിന്നാണ്. ജെഎംഎം വർഗീയരാഷ്ട്രീയം കളിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലം മുതൽ ഞായറാഴ്ചയാണ് അവധിദിനം. ഒരു ജാർഖണ്ഡ് ജില്ലയിൽ അവധി വെള്ളിയാഴ്ചയാക്കി -പ്രധാനമന്ത്രി പറഞ്ഞു.