ഭൂരിപക്ഷം പത്തു ലക്ഷം കടക്കുമോ?
Wednesday, May 29, 2024 1:44 AM IST
ബിജോ മാത്യു
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പത്തു ലക്ഷം കടക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇത്തവണ പത്തു ലക്ഷം ഭൂരിപക്ഷത്തിന് ഏറ്റവും സാധ്യത ഇൻഡോറിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറിയിരുന്നു. നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തത്. 25 ലക്ഷം വോട്ടർമാരിൽ 60 ശതമാനത്തിലേറെ പേർ വോട്ട് ചെയ്തിരുന്നു. വോട്ടർമാരുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റു നഗരമണ്ഡലങ്ങളിൽ പോളിംഗ് പൊതുവേ കുറവാണ്. ഭൂരിപക്ഷം ഉയരാത്തതിന് ഇതു കാരണമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ റിക്കാർഡ് ഭൂരിപക്ഷം ബിജെപിയുടെ യുവ എംപി പ്രീതം മുണ്ടെയുടെ പേരിലാണ്. 6,92,245 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പ്രീതം വിജയിച്ചത്. നരസിംഹ റാവുവും നരേന്ദ്ര മോദിയുമാണു അഞ്ചു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച പ്രധാനമന്ത്രിമാർ.
ആദ്യമായി അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയത് രാം വിലാസ് പാസ്വാനാണ്. 2019ൽ മാത്രം 17 പേർ അഞ്ചു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇതിൽ 15 പേരും ബിജെപിക്കാരാണ്. ഇതുവരെ 28 തവണ ഭൂരിപക്ഷം അഞ്ചു ലക്ഷം കടന്നു. ബിജെപിയിലെ സി.ആർ. പാട്ടീൽ, ദർശന ജാർദോഷ്, വി.കെ. സിംഗ് എന്നിവർ രണ്ടു തവണ അഞ്ചു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ എണ്ണം വർധിക്കുന്നതിനാൽ ഭൂരിപക്ഷം വർധിക്കുന്നതു സ്വാഭാവികമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. ലഭിച്ച വോട്ടിന്റെ ശതമാനത്തിനാണു പ്രാധാന്യം നല്‍കേണ്ടതെന്നാണ് ഇവരുടെ നിലപാട്.
അഞ്ചു ലക്ഷം എന്ന ഭൂരിപക്ഷത്തിലെത്താൻ കേരളത്തിൽനിന്നുള്ള എംപിമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2019ൽ വയനാട്ടിൽ രാഹുൽഗാന്ധി നേടിയ 4,31,770 ആണ് കേരളത്തിലെ റിക്കാർഡ് ഭൂരിപക്ഷം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറവാണ്.
പ്രീതം മുണ്ടെ-6,92,245

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ 2014ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണു പ്രീതം 6,92,245 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിനു വിജയിച്ചത്. അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ രണ്ടാമത്തെ മകളാണു പ്രീതം. ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പ്രീതം 916,923 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിരാളി കോണ്‍ഗ്രസിലെ അശോക്റാവു പാട്ടീലിനു കിട്ടിയത് 2,24,678 വോട്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സി.ആർ. പാട്ടീൽ-6,89,668 (2019), 5,58,116 (2014)

2019ൽ ഗുജറാത്തിലെ നവ്സാരി മണ്ഡലത്തിൽ ബിജെപിയിലെ സി.ആർ. പാട്ടീലിന്റെ വിജയം 6,89,668 വോട്ടിനായിരുന്നു. ഒരു പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. 2014ൽ പാട്ടീൽ ഇതേ മണ്ഡലത്തിൽ വിജയിച്ചത് 5,58,116 വോട്ടിനായിരുന്നു.
സഞ്ജയ് ഭാട്ടിയ-6,56,142

2019ൽ ബിജെപിയിലെ സഞ്ജയ് ഭാട്ടിയ ഹരിയാനയിലെ കർണാലിൽ വിജയിച്ചത് 6,56,142 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഭാട്ടിയ 70 ശതമാനത്തിലേറെ വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ കുൽദീപ് ശർമയുടെ വോട്ട് വിഹിതം ഇരുപതു ശതമാനത്തിൽ താഴെയായിരുന്നു.
കൃഷൻപാൽ ഗുർജാർ-6,38,239

2019ൽ ഹരിയാനയിലെ ഫരീദാബാദിൽ ബിജെപിയിലെ കൃഷൻ പാൽ ഗുർജാറിന്റെ ഭൂരിപക്ഷം 6,38,239 ആണ്. കോൺഗ്രസിലെ അവതാർ സിംഗ് ഭദാനയാണു വൻ തോൽവി ഏറ്റുവാങ്ങിയത്.
സുഭാഷ് ചന്ദ്ര ബഹേരിയ-6,11,460

2019ൽ രാജസ്ഥാനിലെ ഭിൽവാഡയിൽ ബിജെപിയിലെ സുഭാഷ് ചന്ദ്ര ബഹേരിയ വിജയിച്ചുകയറിയത് 6,11, 460 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ. രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. കോൺഗ്രസിലെ രാം പാൽ ശർമയായിരുന്നു ബഹേരിയയുടെ പ്രധാന എതിരാളി. 71 ശതമാനം വോട്ടാണ് ബഹേരിയയുടെ പെട്ടിയിൽ വീണത്.
പി.വി. നരസിംഹ റാവു-5,80,297

1991ൽ പ്രധാനമന്ത്രിയായശേഷം നന്ദ്യാൽ ഉപതെരഞ്ഞെടുപ്പിലാണു നരസിംഹറാവു 580,297 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ബിജെപിയിലെ ബംഗാരു ലക്ഷ്മണനാണു റാവുവിനു മുന്നിൽ അടിയറവ് പറഞ്ഞത്. റാവു 6,26,241 വോട്ട്(89.48 ശതമാനം) നേടിയപ്പോൾ ബംഗാരു ലക്ഷ്മണിന്റെ പെട്ടിയിൽ വീണത് 45944 വോട്ടു മാത്രം. ആന്ധ്രയുടെ അഭിമാനമായ നരസിംഹറാവിനെതിരേ ടിഡിപി സ്ഥാനാർഥിയെ നിർത്തിയില്ല.
നരേന്ദ്ര മോദി- 5,70,128

2014ൽ ഗുജറാത്തിലെ വഡോദരയിൽ നരേന്ദ്ര മോദി വിജയിച്ചത് 570,128 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദൻ മിസ്ത്രിയാണു പരാജയമേറ്റുവാങ്ങിയത്. 845,464 വോട്ടും(72.74 ശതമാനം) മോദി നേടി. എന്നാൽ, യുപിയിലെ വാരാണസിയിലും വിജയിച്ച മോദി വഡോദര സീറ്റ് ഒഴിഞ്ഞു. 2019ൽ വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം 4,79,505 ആയിരുന്നു.
അമിത് ഷാ-5,57,014

2019ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ അമിത് ഷാ വിജയിച്ചത് 557,014 വോട്ടിന്. കോൺഗ്രസിലെ സി.ജെ. ചാവ്ഡയായിരുന്നു എതിരാളി. അമിത് ഷാ 69.67 ശതമാനം വോട്ട് നേടി. അടൽ ബിഹാരി വാജ്പേയിയും എൽ.കെ. അഡ്വാനിയും പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ഗാന്ധിനഗർ.
വി.കെ. സിംഗ്-5,67,260 (2014), 5,01,500 (2019)

2014ൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച മുൻ കരസേന മേധാവി വി.കെ. സിംഗിന്റെ ഭൂരിപക്ഷം 5,67,260 വോട്ടായിരുന്നു. വി.കെ. സിംഗ് 7,58,482 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാർഥി രാജ് ബബ്ബറിനു കിട്ടിയത് 1,91,222 വോട്ട്. വി.കെ. സിംഗിന്റെ കന്നി മത്സരമായിരുന്നു ഇത്. 2019ലും അഞ്ചു ലക്ഷത്തിലേറെ വോട്ടിനു ജയിക്കാൻ സിംഗിനായി.
ദർശന വിക്രം ജാർദോഷ്-5,33,190 (2014), 548,230 (2019)

2014ൽ ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി ദർശന ജാർദോഷ് വിജയിച്ചത് 5,33,190 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2019ൽ ഭൂരിപക്ഷം 548,230 ആയി ഉയർന്നു. രണ്ടു തെരഞ്ഞെടുപ്പുകളിലും 75 ശതമാനം വോട്ടാണു ദർശനയ്ക്കു കിട്ടിയത്.
രാം വിലാസ് പാസ്വാൻ-5,04,448

1989ൽ ബിഹാറിലെ ഹാജിപുരിൽ ജനതാ ദൾ സ്ഥാനാർഥിയായി മത്സരിച്ച രാം വിലാസ് പാസ്വാൻ വിജയിച്ചത് 504, 448 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. കോണ്‍ഗ്രസിലെ മഹാവീർ പ്രസാദ് ആയിരുന്നു പ്രധാന എതിരാളി പോൾ ചെയ്ത 84.08 ശതമാനം വോട്ടും പാസ്വാൻ സ്വന്തം പേരിലാക്കി. 1977ലെ സ്വന്തം റിക്കാർഡ്(424,545) പാസ്വാൻ തിരുത്തുകയായിരുന്നു. രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഉയർന്ന ഭൂരിപക്ഷത്തിന്റെ റിക്കാർഡുള്ള ഏക എംപിയാണു പാസ്വാൻ.
അനിൽ ബസു (സിപിഎം-592,502), വൈ.എസ്. ജഗൻമോഹൻ (വൈഎസ്ആർസി-545,672), രാംചരണ്‍ ബൊഹാറ (ബിജെപി-5,39,345), രഞ്ജൻബെൻ ഭട്ട് (ബിജെപി-5,89,117), ചന്ദ്രപ്രകാശ് ജോഷി (ബിജെപി-5,76,247), ദിയാ കുമാരി (ബിജെപി-5,51,916), ഹൻസ്രാജ് (ബിജെപി-5,53,897), പർവേഷ് വർമ (ബിജെപി-5,78,586), ഉദയ് പ്രതാപ് സിംഗ് (ബിജെപി-5,53,682), രമാകാന്ത് ഭാർഗവ (ബിജെപി-5,03,084), ശങ്കർ ലാൽവാനി (ബിജെപി-5,47,754), ശങ്കർപ്രസാദ് ദത്ത (503,486), പി. വേലുച്ചാമി (ഡിഎംകെ-5,38,972), ടിആര്‍ ബാലു- 5,07,955 എന്നിവരാണ് അഞ്ചു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനു വിജയിച്ച മറ്റു നേതാക്കൾ.