വൈഭവ് കുമാറിന് ജാമ്യമില്ല: കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ
Tuesday, May 28, 2024 1:28 AM IST
ന്യൂഡൽഹി: ആംആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പിഎ വൈഭവ് കുമാറിന്റെ ജാമ്യം കോടതി നിഷേധിച്ചു. ഡൽഹി തീസ് ഹസാരി കോടതി അഡീഷണൽ സെഷൻസ് ജഡ്ജി സുശീൽ അനൂജ് ത്യാഗിയാണ് വൈഭവിന്റെ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം പ്രതിഭാഗത്തിന്റെ വാദത്തിനിടയിൽ സ്വാതി കോടതിക്കുള്ളിൽ വികാരഭരിതയായി. സ്വാതി പരിക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ. ഹരിഹരൻ പറഞ്ഞപ്പോഴായിരുന്നു അവർ പൊട്ടിക്കരഞ്ഞത്.
പ്രതിയെ വിട്ടയച്ചാൽ തന്റെ ജീവനു ഭീഷണിയാണെന്ന് സ്വാതി കോടതിയിൽ പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്താൻ ഒന്നിലധികം വാർത്താസമ്മേളനങ്ങൾ പാർട്ടി നടത്തിയതായി സ്വാതി ആരോപിച്ചു.
തനിക്കെതിരേ പ്രവർത്തിക്കാൻ ആം ആദ്മി നേതാക്കളോട് ആഹ്വാനം ചെയ്തതായും സ്വാതി കുറ്റപ്പെടുത്തി. തനിക്കെതിരേ വധഭീഷണിയുണ്ടെന്നും സ്വാതി കോടതിയിൽ പറഞ്ഞു.
എന്നാൽ സ്വാതി ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്നും വേണ്ടത്ര തെളിവുകൾ പുറത്തുവിടാനായില്ലെന്നും വൈഭവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ഇല്ലാത്ത ഡ്രോയിംഗ് റൂം തെരഞ്ഞെടുത്തതെന്നും സംഭവം മുൻകൂട്ടി പദ്ധതിയിട്ടതാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. അതേസമയം സ്വാതി ആക്രമിക്കപ്പെട്ടതായി ഡൽഹി പോലീസ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ 13ന് മുഖ്യമന്ത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ തന്നെ വൈഭവ് ആക്രമിച്ചതായാണു സ്വാതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് കഴിഞ്ഞ 18ന് വൈഭവിനെ കസ്റ്റഡിയിലെടുത്തു.