നോർത്ത് ഈസ്റ്റ് ഡൽഹിയിൽ പൂർവാഞ്ചൽ മത്സരം
Thursday, May 23, 2024 1:57 AM IST
സെബിൻ ജോസഫ്
ഒന്നരക്കോടി വോട്ടർമാർ 25ന് വിധിയെഴുതുന്ന ഡൽഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ മത്സരം നടക്കുന്നത് നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലാണ്. ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ വടക്കു-കിഴക്കൻ ജില്ലകൾ ഉൾപ്പെടുന്ന പൂർവാഞ്ചലിൽനിന്നുള്ള കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ വസിക്കുന്ന മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി.
2008 ൽ മണ്ഡലം രൂപീകരിച്ചതിനുശേഷം 2009ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയം കോണ്‍ഗ്രസിന്റെ ജയപ്രകാശ് അഗർവാളിനായിരുന്നു. അന്ന് സമാജ്വാദി പാർട്ടിയിലായിരുന്ന മനോജ് തിവാരി 2009ൽ ഖൊരക്പുരിൽനിന്നു യോഗി ആദിത്യനാഥിനോടു പരാജയപ്പെട്ടു.
പിന്നീട് ബിജെപിയിൽ ചേർന്ന ഇദ്ദേഹത്തെ ഡൽഹിയിൽ എത്തിച്ച് 2014ൽ നോർത്ത് ഈസ്റ്റിൽനിന്നു വിജയിപ്പിക്കാൻ ബിജെപിക്കായി. 2019ൽ മനോജ് തിവാരിക്കെതിരേ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചെങ്കിലും വിജയം മനോജിനൊപ്പമായിരുന്നു.
2016ൽ ജവഹര്‍ലാൽ നെഹ്റു സർവകലാശാലയിൽ ആസാദി പ്രസംഗത്തിലൂടെ ശ്രദ്ധേയനായി രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെയാണ് നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലം പിടിക്കാൻ കോണ്‍ഗ്രസ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്. 2019ൽ ബിഹാറിലെ ബഹുസരായി മണ്ഡലത്തിൽനിന്നു സിപിഐ സ്ഥാനാർഥിയായി മത്സരിച്ച കനയ്യ പിന്നീട് ഇടതുബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിന് ഒപ്പം ചേർന്നു. പൂർവാഞ്ചലില്നിന്നുള്ള കുടിയേറ്റക്കാർ വസിക്കുന്ന മണ്ഡലത്തിൽ കോണ്‍ഗ്രസും ബിജെപിയും പൂർവാഞ്ചൽ സ്വദേശികളെയാണ് മത്സരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. മനോജ് തിവാരി വാരാണസി സ്വദേശിയും കനയ്യ ബഹുസരായി സ്വദേശിയുമാണ്. ഇരുപ്രദേശവും പൂർവാഞ്ചലിന്റെ ഭാഗമാണ്.
പൂർവാഞ്ചലുകാരുടെ സംസാരഭാഷയായ ഭോജ്പുരിയിലെ പ്രശസ്ത നടനും ഗായകനുമാണ് മനോജ് തിവാരി. മനോജ് തിവാരിയുടെ താരപദവി വോട്ടാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ, മുസ്ലിംകൾ കൂടുതൽ വസിക്കുന്ന മണ്ഡലത്തിൽ പൗരത്വനിയമഭേദഗതിയും മറ്റും പ്രധാന ചർച്ചാവിഷയമാണ്. എഎപിയും കോണ്‍ഗ്രസും സഖ്യത്തിൽ മത്സരിക്കുന്നതിനാൽ തിവാരിക്ക് അടിതെറ്റാനാണു സാധ്യത. പൗരത്വനിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധം നടന്നതും ഈ മണ്ഡലത്തിലാണ്.
മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നോർത്ത് ഈസ്റ്റ് മണ്ഡലത്തിലും റോഡ് ഷോ നടത്തിയിരുന്നു. താപനില ഉയർന്നുനിൽക്കുന്നതിനാൽ വൈകുന്നേരമാണ് തെരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞദിവസം രാത്രി കേജരിവാളിന്റെ പ്രചാരണത്തിന് വൻ ജനത്തിരക്കാണുണ്ടായത്.
പത്തു നിയമസഭാ മണ്ഡലങ്ങളുള്ള നോർത്ത് ഈസ്റ്റിലെ 270 അനധികൃത കോളനികൾക്ക് അംഗീകാരം നൽകണമെന്നതാണ് ഈ കോളനികളിലെ വോട്ടർമാരുടെ പ്രധാന ആവശ്യം. തന്നെ ജയിപ്പിച്ചാൽ മണ്ഡലത്തിലെ റോഡുകൾ മികച്ചതാക്കുമെന്ന് മനോജ് തിവാരി വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രിയെ മാറ്റുന്നതിനല്ല താൻ മത്സരിക്കുന്നതെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണു പോരാട്ടമെന്നും കനയ്യ കുമാർ തെരഞ്ഞെടുപ്പ് റാലികളിൽ പ്രഖ്യാപിക്കുന്നു.
ഇക്കുറി ഡൽഹിയിലെ ഏഴിൽ ആറു മണ്ഡലങ്ങളിലെയും സിറ്റിംഗ് എംപിമാരെ മാറ്റിയ ബിജെപി മനോജ് തിവാരിയെ മാത്രമാണു നിലനിർത്തിയിരിക്കുന്നത്. കോണ്‍ഗ്രസും ആംആദ്മി പാർട്ടിയും കൈകോർക്കുന്പോൾ ഭോജ്പുരി സിനിമയുടെ പിൻബലത്തിൽ മത്സരരംഗത്തുള്ള തിവാരി ജയിക്കുമോയെന്ന് കണ്ടറിയാം.