സോറന്റെ ജാമ്യം: അറസ്റ്റിന്റെ നിയമസാധുത പരിശോധിക്കും
Wednesday, May 22, 2024 1:34 AM IST
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ സാന്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തതിന്റെ നിയമസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി.
വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനാൽ പിഎംഎൽഎ നിയമപ്രകാരമുള്ള അറസ്റ്റിന്റെ നിയമസാധുതയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്രശർമ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജാമ്യത്തിനുവേണ്ടിയല്ല കേസ് റദ്ദാക്കാൻ വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് ഹേമന്ത് സോറന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു.
ജാമ്യഹർജി ഹൈക്കോടതി തള്ളിയതാണെന്നും ഒരേ സമയം ജാമ്യത്തിനും കേസ് റദ്ദാക്കാനും വേണ്ടി പ്രത്യേകം കോടതികളെ സമീപിക്കാൻ സാധിക്കില്ലെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിയതു സംബന്ധിച്ചുള്ള സാന്പത്തിക ക്രമക്കേടിലാണ് ഇഡി സോറനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ജനുവരി 31ന് ഇഡി അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.