ഡംഡം മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം
Wednesday, May 22, 2024 12:52 AM IST
കോൽക്കത്ത നഗരത്തിന്റെ വടക്കൻഭാഗത്തുള്ള ഡംഡം മണ്ഡലത്തിൽ അരങ്ങേറുന്നത് ശക്തമായ ത്രികോണ മത്സരം. മണ്ഡലത്തിൽ അഞ്ചു വർഷം മുന്പുള്ള രാഷ്ട്രീയ സാഹചര്യം പാടേ മാറിയിരിക്കുന്നു.
സിറ്റിംഗ് എംപിയും മുതിർന്ന നേതാവുമായ സൗഗത റോയ് ആണ് തൃണമൂൽ സ്ഥാനാർഥി. ശിൽഭദ്ര ദത്തയാണ് ബിജെപി സ്ഥാനാർഥി. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ സുജൻ ചക്രവർത്തി സിപിഎം ടിക്കറ്റിൽ ജനവിധി തേടുന്നു.
പ്രമുഖ നേതാവായ സുജൻ ചക്രവർത്തിയുടെ വരവ് മത്സരം പ്രവചനാതീതമാക്കിയെന്നു വേണം കരുതാൻ. കോൺഗ്രസിന്റെ പിന്തുണയും സിപിഎമ്മിനുണ്ട്. ശക്തനായ സിപിഎം സ്ഥാനാർഥിയെത്തിയതോടെ തൃണമൂൽവിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ബംഗാളിൽ സിപിഎം-കോൺഗ്രസ് സഖ്യം പ്രതീക്ഷ പുലർത്തുന്ന 20 മണ്ഡലങ്ങളിലൊന്നാണു ഡംഡം. കഴിഞ്ഞ തവണ 14 ശതമാനം വോട്ടാണ് സിപിഎം നേടിയത്. കോൺഗ്രസിനു കിട്ടിയതാകട്ടെ വെറും 2.42 ശതമാനം വോട്ട്. 30 ശതമാനത്തിലേറെ വോട്ട് നേടുന്ന സ്ഥാനാർഥിക്കു വിജയിക്കാമെന്ന സ്ഥിതിയാണു ഡംഡമിലുള്ളത്.
സിപിഎം കൂടുതലായി നേടുന്ന വോട്ടുകൾ ബിജെപിക്കാണു ദോഷമാകുക. നാലാം വിജയം തേടുന്ന സൗഗത റോയിക്ക് ആശങ്ക തെല്ലുമില്ല. 2014ലും 2019ലും ഏതാണ്ട് ഒരേ വോട്ട് ശതമാനമാണു റോയിക്കു കിട്ടിയത്. അതേസമയം, 2021 നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം വർധിച്ചു.
ബിജെപി സ്ഥാനാർഥി ശിൽഭദ്ര ദത്ത മുന്പ് തൃണമൂൽ എംഎൽഎയായിരുന്നു. 2020ലാണു ബിജെപിയിൽ ചേർന്നത്. ദേശീയ പ്രസക്തി നഷ്ടമായ സിപിഎമ്മിന് എന്തിനു വോട്ട് ചെയ്യണമെന്നാണ് ദത്തയുടെ ചോദ്യം. അയോധ്യയിലെ രാമക്ഷേത്ര നിർമാണം ബിജെപിക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഡംഡം മണ്ഡലത്തിലെ വോട്ടർമാരിൽ വലിയ ശതമാനം ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരാണ്. പൗരത്വ നിയമ ഭേദഗതി മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. 16 ലക്ഷം വോട്ടർമാർ ജൂൺ ഒന്നിനു വിധിയെഴുത്ത് നടത്തും.