ജയന്ത് സിൻഹയ്ക്കു ബിജെപിയുടെ കാരണംകാണിക്കൽ നോട്ടീസ്
Wednesday, May 22, 2024 12:51 AM IST
റാഞ്ചി: ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്താത്തതിന് മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹയ്ക്ക് ബിജെപി കാരണംകാണിക്കൽ നോട്ടീസ് നല്കി. മുൻ കേന്ദ്ര ധനമന്ത്രിയായ യശ്വന്ത് സിൻഹയുടെ മകനായ ജയന്ത് ഹസാരിബാഗിലെ സിറ്റിംഗ് എംപിയാണ്.
ഇത്തവണ മനീഷ് ജയ്സ്വാളിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ജയന്ത് പ്രചാരണത്തിൽനിന്നു വിട്ടുനിന്നത്.
പ്രചാരണത്തിൽനിന്നു വിട്ടുനിന്ന ജയന്ത് സിൻഹ, പാർട്ടിയുടെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കിയെന്ന് ബിജെപി ജാർഖണ്ഡ് ഘടകം ജനറൽ സെക്രട്ടറി ആദിത്യ സാഹു പറഞ്ഞു. രണ്ടു ദിവസത്തിനകം മറുപടി നല്കണമെന്നാണു ജയന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡിയുടെ നിർദേശപ്രകാരമാണ് ജയന്തിനോട് പാർട്ടി വിശദീകരണം തേടിയത്. സിൻഹയുടെ പ്രതികരണമനുസരിച്ചായിരിക്കും ഭാവി നടപടിയെന്ന് ആദിത്യ സാഹു പറഞ്ഞു.
ജാർഖണ്ഡിലെ പ്രസ്റ്റീജ് മണ്ഡലമാണ് ഹസാരിബാഗ്. യശ്വന്ത് സിൻഹയും ഇവിടെനിന്നു ലോക്സഭാംഗമായിട്ടുണ്ട്. 2019ൽ 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയന്ത് സിൻഹ കോൺഗ്രസിലെ ഗോപാൽ സാഹുവിനെ പരാജയപ്പെടുത്തിയത്. മുന്പ് ജെവിഎം ടിക്കറ്റിൽ മത്സരിച്ചയാളാണ് മനീഷ് ജയ്സ്വാൾ.