കോവാക്സിൻ: ബനാറസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് ഐസിഎംആർ തള്ളി
Tuesday, May 21, 2024 2:06 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പഠനറിപ്പോർട്ട് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തള്ളി. വാക്സിനെടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടെന്നാണ് യൂണിവേഴ്സിറ്റിയുടെ ഗവേഷണ റിപ്പോർട്ട്.
എന്നാൽ, കൃത്യമായി രൂപകൽപന ചെയ്യാതെയാണ് ഗവേഷണം നടത്തിയതെന്നും ഐസിഎംആറിനെ തെറ്റായാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതെന്നും ഡയറക്ടർ ജനറൽ രാജീവ് ബഹൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ജേർണലിന്റെ എഡിറ്റർക്കെഴുതിയ കത്തിൽ വ്യക്തമാക്കി. ഐസിഎംആറുമായി ബന്ധപ്പെട്ട പരാമർശം റിപ്പോർട്ടിൽനിന്നു നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നടത്തിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വാക്സിനെടുത്ത മൂന്നിലൊരാൾക്കു പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.
വാക്സിനെടുത്ത 926 പേരെ ഒരു വർഷത്തോളം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ഇതിൽ 50 ശതമാനം പേർക്കും അണുബാധ ഉണ്ടായെന്നാണ് കണ്ടെത്തൽ. ശ്വാസകോശാണുബാധ, ഞരന്പിനെ ബാധിക്കുന്ന രോഗങ്ങൾ, ഹൃദയാഘാതം, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തതായി ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. നാലുപേരുടെ മരണവും സംഭവിച്ചതായി ഗവേഷണത്തിൽ കണ്ടെത്തി. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ പഠനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ, ഈ ഗവേഷണത്തിൽ ഐസിഎംആറിനു പങ്കില്ലെന്നാണ് വ്യക്തമാക്കുന്നത്. യാതൊരുവിധത്തിലുള്ള സാന്പത്തിക, സാങ്കേതിക സഹായങ്ങളും ഗവേഷണത്തിനായി നൽകിയിട്ടില്ലെന്നും ഐസിഎംആർ കത്തിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതു തുടർന്നാൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും ഐസിഎംആർ മുന്നറിയിപ്പു നൽകി.