സൂറത്തിലെ ബിജെപി വിജയം അട്ടിമറി
Wednesday, April 24, 2024 2:25 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറിയാണെന്നു വ്യക്തമായി. സംഭവത്തിൽ പത്രിക തള്ളപ്പെട്ട കോണ്ഗ്രസ് സ്ഥാനാർഥിക്കും പങ്കുണ്ടെന്നും ഇയാളെ ബിജെപി വശത്താക്കിയതാണെന്നും ആരോപണമുണ്ട്.
ജനാധിപത്യ അട്ടിമറിക്കു സഹായിച്ച കോണ്ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയെ ഇന്നലെ മുതൽ കാണാതായതും വലിയ വിവാദത്തിന് വഴിവച്ചുകഴിഞ്ഞു. ടെലിഫോണിൽ പോലും കുംഭാനിയെ ബന്ധപ്പെടാനായില്ല.
ഇതേത്തുടർന്ന് കോണ്ഗ്രസ് പ്രവർത്തകർ കുംഭാനിയുടെ പൂട്ടിയിട്ട വീടിനു പുറത്ത് “ജനതാ കാ ഗദ്ദർ (ജനദ്രോഹി)’’ എന്നെഴുതിയ പോസ്റ്ററുകളുമായി പ്രതിഷേധിച്ചു. കോണ്ഗ്രസിനെ ചതിച്ച കുംഭാനി ബിജെപിയിൽ ചേർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോണ്ഗ്രസ് നേതാവായിരുന്ന കുംഭാനി സീറ്റ് ചോദിച്ചുവാങ്ങിയതുതന്നെ ബിജെപിയുമായി രഹസ്യകരാർ ഉണ്ടാക്കിയ ശേഷമാണോയെന്നു സംശയിക്കുന്നതായി പ്രാദേശിക കോണ്ഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
കോണ്ഗ്രസ് സ്ഥാനാർഥിയുടെയും ഡമ്മിയുടെയും പത്രിക തള്ളിയതിനു പിന്നാലെ നാടകീയമായി ബിഎസ്പി സ്ഥാനാർഥിയും ഏഴു സ്വതന്ത്രരും പത്രിക പിൻവലിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇതോടെ മത്സരം ഇല്ലാതാകുകയും ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപി അനാവശ്യ സ്വാധീനം ചെലുത്തിയെന്നും തെരഞ്ഞെടുപ്പു പ്രക്രിയ പുനരാരംഭിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
തെറ്റായ അനാവശ്യ സ്വാധീനം ഉപയോഗിച്ച് ജനാധിപത്യ മത്സരംതന്നെ ഇല്ലാതാക്കിയതിനാലാണു സൂറത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടതെന്ന് കോണ്ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞു. കൊടിയ വഞ്ചനയ്ക്കു പുറമെ, ജനാധിപത്യത്തെ അവഹേളിക്കുന്നതും അപ്രസക്തമാക്കുന്നതുമാണ് ബിജെപിയുടെ കപടനാടകമെന്നും കോണ്ഗ്രസ് ആരോപിച്ചു.
കോണ്ഗ്രസ് സ്ഥാനാർഥിയുടെയും അദ്ദേഹത്തിന്റെ ഡമ്മിയുടെയും നാമനിർദേശ പത്രികയിൽ പിന്തുണച്ച നാലു പേരുടെയും ഒപ്പുകൾ അവരുടേതല്ലെന്ന് വരണാധികാരിക്ക് സത്യവാങ്മൂലം നൽകിയതുപോലും മുൻകൂട്ടി തയാറാക്കിയ അട്ടിമറിയുടെ ഭാഗമായിരുന്നുവെന്നാണു കരുതുന്നത്.