രാഹുൽ വീണ്ടും പ്രചാരണ തിരക്കിലേക്ക്
Wednesday, April 24, 2024 2:25 AM IST
ന്യൂഡൽഹി: കോൺഗ്രസിന്റെ താരപ്രചാരകരിലൊരാളായ രാഹുൽ ഗാന്ധി വീണ്ടും പ്രചാരണത്തിരക്കിലേക്ക്. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്നു ഞായറാഴ്ച മുതൽ പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്ന രാഹുൽ ഇന്ന് മഹാരാഷ്ട്രയിലെ അമരാവതിയിലും സോളാപുരിലും പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രണ്ടു യോഗങ്ങളിലും രാഹുലിനനൊപ്പമുണ്ടാകും.
ഞായറാഴ്ച റാഞ്ചിയിൽ ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കാനിരിക്കെയാണ് രാഹുൽ പെട്ടെന്ന് അസുഖബാധിതനായത്. രാഹുലിനു പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് റാഞ്ചി യോഗത്തിൽ പങ്കെടുത്തത്.