രാഹുൽ അമേഠിയിൽ മത്സരിക്കാന്‍ സാധ്യത
Wednesday, April 24, 2024 2:25 AM IST
അമേഠി: രാഹുൽ ഗാന്ധി വയനാടിനു പുറമേ ഉത്തർപ്രദേശിലെ അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. അമേഠി ഗൗരിഗഞ്ജിലുള്ള രാഹുലിന്റെ വസതിയിൽ നവീകരണപ്രവൃത്തി നടക്കുന്നതാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഇത്തരമൊരു ചർച്ചയ്ക്കു കാരണമായിരിക്കുന്നത്.
ഗൗരിഗഞ്ജിലുള്ള കോൺഗ്രസിന്റെ പ്രാദേശിക ഓഫീസിനു പിന്നിലായാണ് രാഹുലിന്റെ വസതി. ഇവിടെ ഏതാനും ദിവസങ്ങളായി നടക്കുന്ന നവീകരണപ്രവൃത്തിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് രാഹുലിന്റെ രണ്ടാം സീറ്റും ചർച്ചയായിരിക്കുന്നത്.
അമേഠിയിലെ ജനം ആഗ്രഹിക്കുന്നത് രാഹുൽ ഇവിടെനിന്നു മത്സരിച്ച് പാർലമെന്റിൽ എത്തണമെന്നാണെന്ന് കോൺഗ്രസ് നേതാവ് ദീപക് സിംഗ് പറഞ്ഞു. വീട്ടിൽ നടക്കുന്നത് പതിവ് നവീകരണപ്രവൃത്തിയാണെന്നും ഇവിടെ മത്സരിക്കാൻ തയാറായാൽ വിജയം ഉറപ്പാണെന്നും ദീപക് സിംഗ് കൂട്ടിച്ചേർത്തു. മേയ് 20ന് നടക്കുന്ന അഞ്ചാംഘട്ടത്തിലാണ് അമേഠിയിൽ തെരഞ്ഞെടുപ്പ്. സ്മൃതി ഇറാനിയാണ് വീണ്ടും ബിജെപി സ്ഥാനാർഥി.