കനൗജിൽ അഖിലേഷ് മത്സരിക്കില്ല, തേജ് പ്രതാപ് എസ്പി സ്ഥാനാർഥി
Tuesday, April 23, 2024 2:36 AM IST
ലക്നോ: യുപിയിലെ കനൗജിൽ അഖിലേഷ് യാദവ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കു വിരാമമായി. തേജ് പ്രതാപ് സിംഗ് യാദവിനെ എസ്പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മരുമകനാണ് തേജ് പ്രതാപ്. ഇദ്ദേഹം മെയിൻപുരിയിലെ മുൻ എംപിയാണ്.
സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജിൽനിന്ന് 1999ൽ മുലായം സിംഗ് യാദവ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുലായം യുപി മുഖ്യമന്ത്രിയായതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് വിജയിച്ചു.
തുടർന്ന് 2004, 2009 തെരഞ്ഞെടുപ്പുകളിലും അഖിലേഷ് വിജയം തുടർന്നു. 2012ൽ അഖിലേഷ് യുപി മുഖ്യമന്ത്രിയായി. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഡിംപിൾ യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ ഡിംപിൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ഡിംപിൾ മെയിൻപുരിയിലാണ് ജനവിധി തേടുന്നത്.