തോൽക്കുമെന്ന് ഉറപ്പായപ്പോൾ മോദി വർഗീയവിഷം ചീറ്റുന്നു: ഇന്ത്യ സഖ്യം
Tuesday, April 23, 2024 2:36 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് ജനകീയ പ്രശ്നങ്ങളെക്കുറിച്ചു പറയാതെ മോദി വർഗീയ വിഷം ചീറ്റിയതെന്ന് ഇന്ത്യ സഖ്യം. രാജ്യവും ജനങ്ങളും നേരിടുന്ന യഥാർഥ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണിതെന്ന് രാഹുൽ ഗാന്ധി ഞായറാഴ്ച തന്നെ എക്സിൽ കുറിച്ചിരുന്നു.
ഇതിനിടെ, കോണ്ഗ്രസും സഖ്യകക്ഷികളും ജനങ്ങളുടെ സ്വത്തുക്കളും സ്വർണവും വരെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ഇന്നലെയും പ്രധാനമന്ത്രി ആവർത്തിച്ചു. യുപിയിലെ അലിഗഡിൽ നടന്ന റാലിയിലാണ് മോദി പ്രസ്താവന ആവർത്തിച്ചത്.
ഭീകരർ മുന്പ് സ്ഫോടനപരന്പര നടത്തിയിരുന്നത് അവസാനിപ്പിച്ചുവെന്നു പറയുന്നതിനിടയിലും അയോധ്യയെയും കാശിയെയും വലിച്ചിഴയ്ക്കാനും മോദി മറന്നില്ല. ഭീകരർ സ്ഫോടന പരന്പരയ്ക്ക് അയോധ്യയെയും കാശിയെയും പോലും വിട്ടില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം.
മുംബൈ, ഡൽഹി അടക്കമുള്ള നഗരങ്ങളിലുണ്ടായ വൻ ഭീകരാക്രമണങ്ങളെക്കുറിച്ചു പറയാതെയാണ് ഹൈന്ദവ കേന്ദ്രങ്ങളെ മാത്രം മോദി പരാമർശിച്ചത്. എന്നാൽ ഹജ്ജ് യാത്രക്കാരുടെ എണ്ണം കൂട്ടിയതും മുത്തലാക്ക് നിരോധിച്ചതും അടക്കം മുസ്ലിംകൾക്കായി താൻ നല്ല കാര്യങ്ങൾ പലതും ചെയ്തുവെന്ന് മോദി ഇന്നലെ അലിഗഡിലെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
മുസ്ലിംകളെ അധിക്ഷേപിച്ചു വോട്ട് നേടുകയെന്നതു മാത്രമാണ് മോദിയുടെ ഗ്യാരന്റിയെന്ന് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. രാജ്യത്തിന്റെ സന്പത്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ 40 ശതമാനം സന്പത്ത് ഒരു ശതമാനം ഇന്ത്യക്കാരുടെ പക്കലാണ്. മുസ്ലിംകളെ ഭയപ്പെടാനായാണ് സാധാരണ ഹിന്ദുക്കളെ രൂപപ്പെടുത്തുന്നത്. എന്നിട്ട് കുത്തക മുതലാളിമാർക്കാരായി സാധാരണ ഹിന്ദുക്കളുടെ സ്വത്തും ഉപയോഗിക്കുകയാണെന്നും ഒവൈസി പറഞ്ഞു.
മോദി പറഞ്ഞത്
“രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിംകൾക്ക് ആദ്യ അവകാശമുണ്ടെന്ന് കോണ്ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനർഥം ധാരാളം കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും ഇടയിൽ സ്വത്ത് വിതരണം ചെയ്യുമെന്നാണ്. നിങ്ങൾക്കിതു സ്വീകാര്യമാണോ?’’- രാജസ്ഥാനിലെ റാലിയിൽ പ്രധാനമന്ത്രി ചോദിച്ചു.
കോണ്ഗ്രസിന്റെ ‘അർബൻ നക്സൽ’ പ്രത്യയശാസ്ത്രം സ്ത്രീകളുടെ കെട്ടുതാലി പോലും നഷ്ടപ്പെടുത്തും. എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണാഭരണങ്ങൾ വെറും പ്രദർശനത്തിനുള്ളതല്ല. അതവരുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. അമ്മമാരെ, സഹോദരിമാരെ, അവർ നിങ്ങളുടെ ‘മംഗളസൂത്ര’ പോലും ഉപേക്ഷിക്കില്ല. കോണ്ഗ്രസ് അത്രയും നിലവാരത്തിലേക്ക് കൂപ്പുകുത്താം. നിങ്ങൾ കഷ്ടപ്പെട്ടു സന്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലേക്കു പോകുന്നത് നിങ്ങളെങ്ങനെ സഹിക്കും?’’- മോദി പറഞ്ഞു.
“അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതേക്കുറിച്ചുള്ള വിവരങ്ങൾ തേടുമെന്നാണ് കോണ്ഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. എന്നിട്ട് ആ സ്വത്ത് ആർക്കു വീതിച്ചു കൊടുക്കും? രാജ്യത്തിന്റെ സ്വത്തുക്കളിൽ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്ന് മൻമോഹൻ സിംഗ് സർക്കാർ പറഞ്ഞിരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്കു പോകണോ? നിങ്ങൾ കഠിനാധ്വാനം ചെയ്തു സന്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാരുകൾക്ക് അവകാശമുണ്ടോ?” എന്നും മോദി ചോദിച്ചു.
വികസനത്തിന്റെ ഫലങ്ങൾ ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് മുസ്ലിംകൾക്കുകൂടി തുല്യമായി പങ്കുവയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് 2006 ഡിസംബറിൽ നടന്ന ദേശീയ വികസന സമിതി യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പറഞ്ഞതാണു മോദി മുസ്ലിം വിരുദ്ധതയ്ക്കായി ഉപയോഗിച്ചത്.
മൻമോഹൻ മുന്പു പറഞ്ഞത്
മൻമോഹന്റെ അന്നത്തെ പ്രസംഗത്തിൽനിന്ന്: കൂട്ടായ മുൻഗണനകൾ വ്യക്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു: കൃഷി, ജലസേചനം, ജലസ്രോതസുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിർണായക നിക്ഷേപം, പൊതുജനങ്ങളുടെ അവശ്യ പൊതു നിക്ഷേപ ആവശ്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, എസ്സി/എസ്ടികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പരിപാടികൾ എന്നിവയാണത്.”
കോണ്ഗ്രസ് പ്രകടനപത്രിക പറയുന്നത്
“പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഘടകപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഫലങ്ങളിൽ തുല്യമായി പങ്കുചേരാൻ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് അധികാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വിഭവങ്ങളുടെ അവർക്ക് ആദ്യ അവകാശം ഉണ്ടായിരിക്കണം. കേന്ദ്രത്തിന് മറ്റു നിരവധി ഉത്തരവാദിത്വങ്ങളുമുണ്ട്.
അവയുടെ ആവശ്യങ്ങൾ മൊത്തത്തിലുള്ള വിഭവ ലഭ്യതയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്’’ എന്നു 18 വർഷം മുന്പ് മൻമോഹൻ പറഞ്ഞു. വിഭവങ്ങളുടെ കാര്യത്തിൽ അവർക്ക് ആദ്യ അവകാശം ഉണ്ടായിരിക്കണമെന്നു പറഞ്ഞത് മുസ്ലിംകൾക്കാണെന്നു പറഞ്ഞ് ബിജെപി രംഗത്തുവന്നതോടെ അവർ എന്ന് ഉദ്ദേശിച്ചത് പട്ടികജാതി, വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.