സൗമ്യ വിശ്വനാഥൻ കൊലപാതകം: ജാമ്യത്തിലുള്ള പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്
Tuesday, April 23, 2024 2:36 AM IST
ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്കു ജാമ്യം അനുവദിച്ചതിനെതിരേ നൽകിയ ഹർജിയിൽ പ്രതികൾക്കും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്.
പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർക്ക് ഡൽഹി ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സൗമ്യയുടെ അമ്മ മാധവി വിശ്വനാഥൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണു നടപടി. നോട്ടീസിനു മറുപടി നൽകാൻ ഇരുകൂട്ടർക്കും നാലാഴ്ച സമയം കോടതി അനുവദിച്ചു.
2008 സെപ്റ്റംബറിലാണ് കേസുമായി ബന്ധപ്പെട്ട സംഭവമുണ്ടാകുന്നത്. "ഹെഡ്ലൈൻസ് ടുഡേ'യിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ പുലർച്ചെ ജോലി കഴിഞ്ഞു കാറിൽ മടങ്ങവേ വെടിയേറ്റ് മരിക്കുകയായിരുന്നു. പ്രതികൾ കാറിൽ പിന്തുടർന്നെത്തി കൃത്യം നടത്തുകയായിരുന്നു. മോഷണമായിരുന്നു ലക്ഷ്യം.
2010ൽ പ്രതികൾക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും 2016ൽ വാദം പൂർത്തിയാക്കുകയും ചെയ്തിരുന്നു. 2023 നവംബറിൽ പ്രത്യേക കോടതി പ്രതികൾക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
എന്നാൽ പ്രതികൾ 14 വർഷത്തോളം പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി 2024 ഫെബ്രുവരിയിൽ ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഡൽഹിയിൽ താമസിച്ചിരുന്ന കുറ്റിപ്പുറം പേരിശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥന്റെയും മാധവിയുടെയും മകളാണ് സൗമ്യ.