വൈദ്യപരിശോധന: കേജരിവാളിന്റെ ആവശ്യം കോടതി തള്ളി
Tuesday, April 23, 2024 2:36 AM IST
സനു സിറിയക്
ന്യൂഡൽഹി: ദിവസവും വീഡിയോ കോണ്ഫറൻസിംഗിലൂടെ സ്വകാര്യ ഡോക്ടറുമായി വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജി ഡൽഹി റോസ് അവന്യൂ കോടതി തള്ളി.
കേജരിവാളിന് ആവശ്യമായ ചികിത്സ നൽകണമെന്നും എന്തെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ഉപദേശത്തെ അടിസ്ഥാനമാക്കി ചെയ്യണമെന്നും തിഹാർ ജയിലധികൃതരോട് കോടതി നിർദേശിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജയാണു കേസ് പരിഗണിച്ചത്.
അതേസമയം, കേജരിവാളിന്റെ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും ഡൽഹി ഹൈക്കോടതിയിൽ നിയമ വിദ്യാർഥി സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി തള്ളി. ഹർജിക്കാരന് 70,000 രൂപ കോടതി പിഴയും ചുമത്തി. പബ്ലിസിറ്റി ലക്ഷ്യവും രാഷ്ട്രീയ പ്രേരിതവുമാണ് ഹർജിയെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മൻമോഹൻ, ജസ്റ്റീസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ഇൻസുലിനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിഹാർ ജയിലധികൃതരുടെ പ്രസ്താവന പൂർണമായും തെറ്റാണെന്നു ചൂണ്ടിക്കാട്ടി കേജരിവാൾ ജയിൽ സൂപ്രണ്ടിന് കത്തെഴുതി. ഇൻസുലിൻ വിഷയത്തിൽ, തനിക്ക് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് എയിംസ് ഡോക്ടർമാർ ഉറപ്പുനൽകിയെന്ന ജയിലധികൃതരുടെ പ്രസ്താവനകളിൽ കേജരിവാൾ ആശങ്ക പ്രകടിപ്പിച്ചു. ഒരിക്കൽപോലും ഇൻസുലിൻ ആവശ്യപ്പെട്ടിട്ടില്ലെന്ന ജയിൽ അധികൃതരുടെ വാദം തെറ്റാണെന്ന് കേജരിവാൾ കത്തിൽ പറയുന്നുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എയിംസിലെ ഡോക്ടർമാർ പറഞ്ഞിട്ടില്ലെന്നും വിശദമായി പരിശോധിച്ചശേഷം ഉപദേശം നൽകാമെന്നാണു പറഞ്ഞതെന്നും കേജരിവാൾ കത്തിൽ വ്യക്തമാക്കി.
തിഹാർ ജയിലധികൃതർ രാഷ്ട്രീയ സമ്മർദത്തിലാണെന്നും കത്തിൽ ആരോപിക്കുന്നു. പ്രമേഹരോഗിയായ കേജരിവാളിന് തിഹാർ ജയിൽ അധികൃതർ ഇൻസുലിൻ നിഷേധിച്ചതായി ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. അദ്ദേഹത്തെ കൊല്ലാൻ ഗൂഢാലോചന നടന്നതായും പാർട്ടി ആരോപിച്ചു.