റാഞ്ചിയിൽ കൈകോർത്ത് ഇന്ത്യാ മുന്നണി
Monday, April 22, 2024 1:24 AM IST
റാഞ്ചി: പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രതിപക്ഷ കക്ഷികളുടെ പടുകൂറ്റൻ റാലി. റാഞ്ചിയിലെ പ്രഭാത് താര മൈതാനത്ത് നടന്ന റാലിയിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം ജെഎംഎം നേതാവ് ഹേമന്ത് സോറന്റെ ഭാര്യ കൽപനയുടെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിതയുടെയും സാന്നിധ്യം ശ്രദ്ധേയമായി.
കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ആദ്യം സംസാരിച്ചത്.
പ്രതിപക്ഷ സഖ്യം ഉപേക്ഷിക്കുന്നതിനായി ഹേമന്ത് സോറനെ ബിജെപി സമ്മർദത്തിലാക്കിയെന്നു കുറ്റപ്പെടുത്തിയ ഖാർഗെ സോറൻ ധീരനായ നേതാവായതിനാൽ മുന്നണി വിടുന്നതിനു പകരം ജയിലിൽപോവുകയായിരുന്നുവെന്നും പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലും പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലും മാറ്റിനിർത്തുകവഴി രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും രാജ്യത്തെ ദളിതരെയും പ്രധാനമന്ത്രി അവഹേളിച്ചുവെന്നും ഖാർഗെ ആരോപിച്ചു. രാജ്യത്തെ ദളിതർക്കും പിന്നാക്കവിഭാഗങ്ങൾക്കും ബിജെപി ഭരണത്തിൽ അവഗണന മാത്രമേ ലഭിക്കൂ എന്നു പറഞ്ഞ അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണി 180 സീറ്റുകളിൽ ഒതുങ്ങുമെന്നും അഭിപ്രായപ്പെട്ടു.
കേജരിവാളിനെ ജയിലിൽവച്ച് വധിക്കാൻ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണം റാലി അഭിസംബോധന ചെയ്ത സുനിത കേജരിവാൾ ആവർത്തിച്ചു.
“കേജരിവാളിന് ജയിലിൽ ഇൻസുലിൻവരെ നിഷേധിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുകയാണ്. പന്ത്രണ്ടുവർഷമായി ഇൻസുലിൻ ഉപയോഗിക്കുന്ന അരവിന്ദ് കേജരിവാളിന് ജയിലിൽ അത് നിഷേധിക്കുന്നത് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽപ്പെടുത്താനാണ്”-സുനിത കേജരിവാൾ പറഞ്ഞു.
പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും എന്നാൽ ജനാധിപത്യം തകരാൻ അനുവദിക്കില്ലെന്നുമുള്ള ഹേമന്ത് സോറന്റെ സന്ദേശം ഭാര്യ കൽപന വായിച്ചു. ജെഎംഎം സ്ഥാപകന്‍ ഷിബു സോറന്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള, ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന് ഉൾപ്പെടെ 28 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.
വേദിയില്‍ കേജരിവാളിനും സോറനും കസേരകള്‍ ഒഴിച്ചിട്ടിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ജനുവരി 31നാണു സോറനെ ഇഡി അറസ്റ്റ്ചെയ്തത്. ഡല്‍ഹി മദ്യനയക്കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21നു കേജരിവാളും അറസ്റ്റിലായി.