ഷോമ സെൻ ജയിൽ മോചിതയായി
Thursday, April 18, 2024 1:58 AM IST
മുംബൈ: എൽഗാർ പരിഷത്തിലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ അറസ്റ്റിലായി വർഷങ്ങൾ തടവിൽക്കഴിഞ്ഞ നാഗ്പുർ സർവകലാശാല മുൻ പ്രഫസർ ഷോമ സെൻ ജയിൽമോചിതയായി.
2018 ജുൺ ആറിന് അറസ്റ്റിലായ 66 കാരിയായ ഷോമ സെന്നിന് കഴിഞ്ഞ അഞ്ചാംതീയതി സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ മുംബൈ ബൈക്കുള ജയിലിൽനിന്നു പുറത്തിറങ്ങിയ പ്രഫ. സെന്നിനെ സ്വീകരിക്കാൻ മകളും അടുത്ത ബന്ധുക്കളും എത്തിയിരുന്നു.
2017 ഡിസംബർ 31 നു പൂനയിൽ നടന്ന എൽഗാർ പരിഷത് യോഗത്തിൽ പങ്കെടുത്ത ഷോമ സെൻ, ജസ്യൂട്ട് വൈദികനായ ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ളവർക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്നായിരുന്നു പൂന പോലീസിന്റെ ആരോപണം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യത്തിനു ശ്രമിക്കുന്നതിനിടെ ജയിലിൽവച്ച് ഫാ. സ്റ്റാൻ സ്വാമി മരണത്തിനു കീഴടങ്ങുകയായിരുന്നു.