മോദി അഴിമതിയുടെ ചാന്പ്യൻ: രാഹുൽ, ബിജെപി എന്നാൽ കൊള്ള: അഖിലേഷ്
Thursday, April 18, 2024 1:55 AM IST
ന്യൂഡൽഹി: അഴിമതിയുടെ ചാന്പ്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ. ബിജെപി എന്നാൽ നുണയും കൊള്ളയും ആണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി ഇന്ത്യ സഖ്യം ഭരണത്തിലെത്തുമെന്നും 150 സീറ്റിൽ കൂടുതൽ ബിജെപിക്കു കിട്ടില്ലെന്നും ഇരുനേതാക്കളും പറഞ്ഞു.
എല്ലാ അഴിമതിക്കാരുടെയും ഗോഡൗണായി ബിജെപി മാറി. ഇലക്ടറൽ ബോണ്ട് ബിജെപിയുടെ തനിനിറം തുറന്നുകാട്ടി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ഇലക്ടറൽ ബോണ്ട് തട്ടിപ്പ്. അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദി ഏറ്റവും വലിയ അഴിമതിക്കാരനായി മാറി. അഴിമതിയുടെ ചാന്പ്യനാണു മോദി. നുണയും കൊള്ളയും ബിജെപിയുടെ ഐഡന്റിറ്റിയായി മാറി.
ഡൽഹിക്കടുത്ത് യുപിയിലെ ഗാസിയാബാദിൽ ഇന്നലെ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മോദിക്കും ബിജെപിക്കുമെതിരേ രാഹുലും അഖിലേഷും രൂക്ഷ വിമർശനം നടത്തിയത്. എസ്പിയും കോണ്‍ഗ്രസും സഖ്യം പ്രഖ്യാപിച്ച ശേഷം ആദ്യഘട്ടം പ്രചാരണം സമാപിക്കുന്നതിനു മുന്‍പായി ഇരുവരും ആദ്യമായാണ് ഒരുമിച്ചു പത്രസമ്മേളനം നടത്തിയത്.
രാഷ്ട്രീയം ശുദ്ധീകരിക്കുന്നതിനും സുതാര്യതയ്ക്കുമാണ് ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചതെന്നാണു മോദി പറഞ്ഞത്. അതു ശരിയാണെങ്കിൽ, എന്തുകൊണ്ടാണു സുപ്രീം കോടതി ഈ പദ്ധതി റദ്ദാക്കിയത്? സുതാര്യതയാണു ലക്ഷ്യമെങ്കിൽ എന്തിനാണു ദാതാക്കളുടെ പേരുകൾ മറച്ചുവച്ചത്? ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിച്ചാണ് ആയിരക്കണക്കിനു കോടിയുടെ കരാറുകൾ നൽകിയത്.
ബിജെപിക്കു പണം നൽകിയതിനെ തുടർന്ന് സിബിഐ, ഇഡി അന്വേഷണങ്ങൾ നിർത്തിവച്ചു. പിടിച്ചുപറിയാണു ബിജെപി നടത്തിയത്. എന്താണു സംഭവിക്കുന്നതെന്നു രാജ്യം മുഴുവൻ അറിയാം, എല്ലാ ബിസിനസുകാർക്കും അറിയാമെന്നും രാഹുൽ പറഞ്ഞു.
സന്പന്നരായ 22 വ്യക്തികൾക്കു വേണ്ടിയാണ് മോദിയുടെ മുഴുവൻ ശ്രദ്ധയും. 70 കോടി ജനങ്ങളുടെ പക്കലുള്ള പണത്തിന് തുല്യമായ പണമാണ് 22 വ്യക്തികളുടെ പക്കൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ദാരിദ്ര്യത്തിന്റെ മറ്റൊരു കാരണം ഇതാണ്. കഴിഞ്ഞ 10 വർഷം ദരിദ്രർക്കായി മോദി ഒന്നും നൽകിയിട്ടില്ല.
പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകർക്കിടയിലെ പ്രകടമായ അസംതൃപ്തിക്കു പുറമേ, ഗുജറാത്തിൽ നിന്ന് ഉത്ഭവിച്ച രജപുത്ര സമുദായത്തിന്റെ രോഷവും മറ്റു സംസ്ഥാനങ്ങളിലേക്കെത്തിയെന്നു അഖിലേഷും രാഹുലും പറഞ്ഞു.
ബിജെപി സ്ഥാനാർഥികളെ എതിർക്കുമെന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള രജപുത്രർ പരസ്യ പ്രതിജ്ഞയെടുത്തു. കർഷകർ രോഷാകുലരാണ്. തൊഴിലില്ലായ്മ രൂക്ഷമായി. ബിജെപിയുടെ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
വെള്ളിയാഴ്ച ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്ന് വീശുന്ന കാറ്റ് രാജ്യമെന്പാടും വ്യാപിക്കുമെന്ന് അഖിലേഷ് പറഞ്ഞു.
അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കാ ഗാന്ധിയും മൽസരിക്കുമോയെന്ന ചോദ്യത്തിന് രാഹുൽ വ്യക്തമായ ഉത്തരം നൽകിയില്ല.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സമിതിയും പാർട്ടി അധ്യക്ഷനും തീരുമാനിക്കുന്നതെന്തും താൻ ചെയ്യുമെന്ന് രാഹുൽ വ്യക്തമാക്കി.