പതഞ്ജലി കേസിൽ വിമർശനം തുടർന്ന് സുപ്രീംകോടതി
Wednesday, April 17, 2024 3:04 AM IST
ന്യൂഡൽഹി: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ കുറ്റസമ്മതം നടത്തി പതഞ്ജലി സഹസ്ഥാപകൻ ബാബാ രാംദേവും മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും. തെറ്റു പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു.
ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നും പറഞ്ഞ കോടതി നിങ്ങൾ അത്ര നിഷ്കളങ്കരല്ലെന്നും വിമർശിച്ചു. കോടതിയലക്ഷ്യ കേസിൽ ഇരുവരും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തിയപ്പോഴാണ് കോടതിയുടെ വിമർശനം. പരസ്യമായി മാപ്പ് പറയാൻ തയാറാണെന്ന് ഇരുവർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.
കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 23ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുവരോടും വീണ്ടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തെറ്റിദ്ധാരണ ഉണ്ടാക്കുംവിധത്തിൽ പരസ്യം നല്‍കിയെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്.