കന്നഡ സിനിമാതാരം ദ്വാരകാധീശ് അന്തരിച്ചു
Wednesday, April 17, 2024 3:04 AM IST
ബംഗളൂരു: അൻപതിലധികം വർഷമായി കന്നഡ സിനിമാരംഗത്ത് സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബംഗ്ലി ശാമ റാവു ദ്വാരകാധീശ്(81) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ 9.30ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഡോ. രാജ്കുമാർ, ഡോ. വിഷ്ണുവർധൻ എന്നിവർക്കൊപ്പം വെള്ളിത്തിരയിൽ ഹാസ്യതാരമായെത്തി വ്യക്തിമുദ്ര പതിപ്പിച്ച ദ്വാരകാധീശ്, അൻപതോളം സിനിമകൾ നിർമിച്ച് സംവിധാനം ചെയ്തു. 90 സിനിമകളിൽ അഭിനയിച്ചു.
കുള്ള 000 എന്ന സിനിമയിലൂടെ പ്രശസ്ത ഗായകൻ കിഷോർകുമാറിനെ കർണാടക യിൽ പരിചയപ്പെടുത്തിയത് ദ്വാരകാധീശ് ആണ്. ബോക്സ് ഓഫീസ് ഹിറ്റായ ഈ ചിത്രത്തിനുശേഷം പ്രചണ്ഡ കുള്ള എന്ന വിളിപ്പേരും ദ്വാരകാധീശിനു ലഭിച്ചു. 1985ൽ പുറത്തിറങ്ങിയ നീ ബരേഡ കാദംബരിയാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായിരുന്ന ആപ്തമിത്രയും വലിയ ജനപ്രീതി നേടി.