തെലുങ്കാനയിലെ സ്കൂളിൽ അതിക്രമം
Wednesday, April 17, 2024 3:04 AM IST
ലക്സെട്ടിപേട്ട് (തെലുങ്കാന): തെലുങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ ലക്സെറ്റിപേട്ടിൽ എംസിബിഎസ് സഭയുടെ നേതൃത്വത്തിലുള്ള മദർ തെരേസ ഹൈസ്കൂളിൽ അതിക്രമം. ഹനുമാൻ വ്രതക്കാരുടെ പേരിൽ ഒരു സംഘം ഇന്നലെ രാവിലെ സ്കൂളിൽ അതിക്രമിച്ചു കയറി മാനേജരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തു.
ഹനുമാൻ വ്രതക്കാരായ കുട്ടികൾ സ്കൂൾ യൂണിഫോം ധരിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്താൻ രക്ഷിതാക്കളെ വിളിപ്പിച്ച സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിക്കാനെന്ന പേരിലാണ് ഒരുസംഘം ആളുകൾ ഇന്നലെ രാവിലെ സ്കൂളിലെത്തി അതിക്രമം കാണിച്ചതെന്ന് സ്കൂൾ മാനേജർ ഫാ. ജയ്മോൻ ജോസഫ് പറഞ്ഞു.
സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും എണ്ണത്തിൽ കുറവായിരുന്നു. പിന്നീട് കൂടുതൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സ്കൂൾ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.