"നീതിയില്ലെങ്കിൽ വോട്ടുമില്ല' ; വോട്ടെടുപ്പിനില്ലെന്നു കൂടുതൽ കുക്കി വിഭാഗങ്ങൾ
Tuesday, April 16, 2024 2:49 AM IST
ചുരാചന്ദ്പുർ (മണിപ്പുർ): നീതിയില്ലെങ്കിൽ വോട്ടുമില്ല എന്ന പ്രഖ്യാപനവുമായി മണിപ്പുരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നു വീണ്ടും കുക്കി സംഘടനകൾ.
സമീപദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനം. ശനിയാഴ്ച രണ്ട് സായുധവിഭാഗങ്ങൾ തമ്മിൽ ഇംഫാൽ ഈസ്റ്റിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച തെങ്നുപാൽ ജില്ലയിൽ രണ്ട് സായുധസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ മൂന്നുപേർക്കു പരിക്കേൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ എതിർവിഭാഗം ആക്രമണം ശക്തമാക്കുകയാണെന്ന വിലയിരുത്തലിലാണ് ബഹിഷ്കരണ പ്രഖ്യാപനം.
കുക്കി നാഷണൽ അസംബ്ലി, കുക്കി ഐഎൻപിഐ എന്നീ സംഘടനകളാണ് ഏറ്റവുമൊടുവിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നു പറഞ്ഞിരിക്കുന്നത്. വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രമേയവും ഇവർ പാസാക്കി.
ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കില്ലെന്നു കുക്കികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മുൻ ഔട്ടർ മണിപ്പുർ എംപിയായ കിം ഗാംഗ്ട്ടെയുടെ നേതൃത്വത്തിൽ ഒരുസംഘം നേരത്തേ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനെ ഡൽഹിയിൽ സന്ദർശിച്ച് ബഹിഷ്കരണ പ്രഖ്യാപനം അറിയിച്ചിരുന്നു. മാധ്യമപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്നു.