സൽമാൻ ഖാന്റെ വസതിക്കു നേർക്ക് വെടിവയ്പ്: മോട്ടോർ സൈക്കിൾ ഉടമയെ ചോദ്യം ചെയ്തു, പ്രതികൾ ഒളിവിൽ
Tuesday, April 16, 2024 2:08 AM IST
മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സബർബൻ ബാന്ദ്രയിലെ വസതിക്കു നേർക്കു അജ്ഞാതസംഘം വെടിയുതിർത്ത കേസിൽ സമീപത്തെ മൗണ്ട് മേരി ചർച്ചിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മോട്ടോർസൈക്കിളിന്റെ ഉടമ നവി മുംബൈയിലെ പൻവേൽ സ്വദേശിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ ചോദ്യം ചെയ്തു. ഇയാൾ അടുത്തിടെ മോട്ടോർസൈക്കിൾ മറ്റാർക്കോ വിറ്റതായി മൊഴി നല്കിയിട്ടുണ്ട്.
വെളുപ്പിന് അഞ്ചിന് അജ്ഞാതരായ രണ്ടു പേർ നാലു തവണ ഗാലക്സി അപ്പാർട്ട്മെന്റിലെ സൽമാന്റെ വസതിക്കു നേർക്കു വെടിയുതിർത്തെന്നു പോലീസ് പറഞ്ഞു.
പള്ളിക്കുമുന്നിൽ മോട്ടോർസൈക്കിൾ ഉപേക്ഷിച്ചശേഷം ഓട്ടോറിക്ഷയിൽ ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെത്തി ബോറിവാലിയിലേക്കുള്ള ട്രെയിനിൽ കയറി സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിലേക്കു പോയതായാണു പോലീസിന്റെ നിഗമനം.
സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനിടെ, പന്ത്രണ്ടു പോലീസ് സംഘത്തെയാണ് അന്വേഷണത്തിനായി മുംബൈ പോലീസ് നിയോഗിച്ചത്. ചിലർ ബിഹാറിലേക്കും മറ്റു ചിലർ രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലേക്കും പ്രതികളെത്തേടി പോയിട്ടുണ്ട്. കൊലപാതകശ്രമത്തിനാണ് പ്രതികൾക്കെതിരേ കേസെടുത്തിട്ടിള്ളത്.