ഇഡി അറസ്റ്റ്: കേജരിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു
Tuesday, April 16, 2024 2:08 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു ചോദ്യം ചെയ്തു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് അയച്ചു. കേസ് 29ന് ആരംഭിക്കുന്ന ആഴ്ചയിൽ പരിഗണിക്കും. കേജരിവാളിന്റെ ഹർജിയിൽ 24നോ മുന്പായോ ഇഡി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.
കേസ് 19ന് പരിഗണിക്കണമെന്ന് കേജരിവാളിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് സമ്മതിച്ചില്ല. ഇഡിയുടെ ഇസിഐആറിൽ കേജരിവാളിന്റെ പേരില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് മുഖ്യമന്ത്രിയെ മാറ്റി നിർത്താനുള്ള തന്ത്രമാണിതെന്നും സിംഗ്വി കോടതിയിൽ വാദിച്ചു.
കേസിൽ എഫ്ഐആർ, ഇസിഐആർ, എട്ട് കുറ്റപത്രം എന്നിവ ഇതുവരെ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഒന്നും കേജരിവാളിന്റെ പേരില്ല. 2022 സെപ്റ്റംബറിൽ ആരംഭിച്ച കേസാണിത്.
കേജരിവാളിനെ അറസ്റ്റ് ചെയ്തത് മാർച്ച് 21 ആണെന്നും സിംഗ്വി കോടതിയിൽ വാദിച്ചു. ഏപ്രിൽ 19ന് ലോകസ്ഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് കേജരിവാളിനെ മാറ്റി നിർത്താനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഇഡിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേജരിവാളിന്റെ അഭിഭാഷകന്റെ വാദത്തെ ശക്തമായി എതിർത്തു. കേസിൽ കേജരിവാൾ കുറ്റക്കാരനാണെന്ന് ഏപ്രിൽ ഒന്പതിന് ഡൽഹി ഹൈക്കോടതി വിധിച്ചതായും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
ഇതിനിടെ, കേജരിവാളിന്റെ ജുഡീഷൽ കസ്റ്റഡി 23 വരെ റോസ് അവന്യു കോടതി നീട്ടി. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയ്ക്കു മുന്പാകെ തിഹാർ ജയിലിൽനിന്ന് വീഡിയോ കോണ്ഫറൻസ് സംവിധാനം വഴിയാണ് കേജരിവാൾ ഹാജരായത്.
മദ്യനയക്കേസിലെ മറ്റൊരു പ്രതി ബിആർഎസ് നേതാവ് കെ. കവിതയുടെ ജുഡീഷൽ കസ്റ്റഡിയും 23 വരെ റോസ് അവന്യു കോടതി നീട്ടി. കവിതയെ മാർച്ച് 15നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2021-22ലെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് 17നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത്.