ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു
Tuesday, March 5, 2024 2:01 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിക്ഷേപിക്കുമെന്ന് അദേഹം പറഞ്ഞു.
2035ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവർത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ചിരിക്കുന്നത്. ലോ എർത്ത് ഓർബിറ്റിലാണ് നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തിൽ തുടക്കത്തിൽ രണ്ട് മുതൽ നാല് പേർക്ക് വരെ കഴിയാനാവും.
നിലയം യാഥാർഥ്യമാവുന്നതോടെ ബഹിരാകാശത്ത് സ്വതന്ത്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ ഭ്രമണപഥത്തിൽ ബഹിരാകാശ നിലയങ്ങൾ അയച്ചത്.
പ്രാഥമിക കണക്കുകൾ പ്രകാരം ബഹിരാകാശ നിലയത്തിന് ഏകദേശം 20 ടണ് ഭാരമുണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സ്ഥിരമായി ഡോക്ക് ചെയ്ത സുരക്ഷാ ക്രൂ മൊഡ്യൂൾ എസ്കേപ്പ് സംവിധാനവും ഇതിലുണ്ടാകും.
താൻ അർബുദരോഗ ബാധിതനായിരുന്നുവെന്നും ഇപ്പോൾ സുഖം പ്രാപിച്ചെന്നും വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. വയറ്റിലാണ് കാൻസർ കണ്ടെത്തിയതെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ 3 ദൗത്യം നടക്കുന്ന സമയത്താണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. എന്നാൽ ആ ഘട്ടത്തിൽ എന്താണ് രോഗമെന്ന് വ്യക്തമായിരുന്നില്ല. ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം, 2023 സെപ്റ്റംബർ രണ്ടിനാണ് രോഗനിർണയം നടത്തി കാൻസർ സ്ഥിരീകരിച്ചത്. കീമോതെറാപ്പി ചികിത്സയ്ക്ക് താൻ വിധേയനായതായും അദ്ദേഹം വെളിപ്പെടുത്തി.