ബംഗളൂരു കഫേ സ്ഫോടനക്കേസ് എൻഐഎയ്ക്ക്
Tuesday, March 5, 2024 2:01 AM IST
ന്യൂഡൽഹി: ബംഗളൂരു കഫേ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിൽ തിരക്കേറിയ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ എട്ട് സംഘങ്ങളാണ് അന്വേഷണം നടത്തിയിരുന്നത്.
ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ സുരക്ഷാ ഗ്രൂപ്പ് (എന്‍എസ്ജി) രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു. കേസിന്റെ അന്വേഷണം ആവശ്യമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറുമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയതിന്റെ പിന്നാലെയാണ് അന്വേഷണം കൈമാറിയത്. തൊപ്പിയും മാസ്കും കണ്ണടയും ധരിച്ച് ഭക്ഷണശാലയിൽ എത്തിയ ഒരാളാണു സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ഐഇഡി ഉപയോഗിച്ചാണു സ്ഫോടനം നടത്തിയതെന്നാണു സംശയം. വ്യാപാരത്തിലെ തര്‍ക്കം, ലോക്സഭാ തെരഞ്ഞെടുപ്പ്, അതുമല്ലെങ്കില്‍ ബംഗളൂരുവില്‍ നിക്ഷേപത്തിനു ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തൽ എന്നിവയിൽ ഏതെങ്കിലുമാകാം സ്ഫോടനത്തിനു പിന്നിൽ എന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം.