യുപിയിലെ മുന്നൂറോളം ജനപ്രതിനിധികൾ അയോധ്യ ക്ഷേത്ര ദർശനം നടത്തി
Monday, February 12, 2024 2:08 AM IST
ലക്നോ: യുപിയിലെ മുന്നൂറോളം എംഎൽഎമാരും എംഎൽഎസിമാരും അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. പത്തു ബസുകളിലായി ക്ഷേത്രവളപ്പിലെത്തിയ ജനപ്രതിനിധികളെ അയോധ്യനിവാസികൾ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു.
ഈ സമയം പൂനയിൽനിന്നെത്തിയ യോഗി ആദിത്യനാഥും അയോധ്യയിലെത്തി. “പ്രഭു ശ്രീരാമദേവന്റെ ഭവ്യ മന്ദിരത്തിൽ എന്റെ മന്ത്രിസഭാംഗങ്ങൾക്കും എംഎൽഎ, എംഎൽസിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം ദർശനം നടത്താൻ സാധിച്ചു’’- യോഗി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ക്ഷേത്രദർശനം നടത്തുന്ന 14 മിനിറ്റ് വീഡിയോയും യോഗി ആദിത്യനാഥ് എക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനസത്താ ദൾ ലോക്താന്ത്രിക് നേതാവ് രഘുരാജ് പ്രതാപ്സിംഗ്, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഒ.പി. രാജ്ഭർ, കോൺഗ്രസ് നേതാവ് ആരാധന മിശ്ര, ബിഎസ്പി നേതാവ് ഉമാശങ്കർ സിംഗ്, ആർഎൽഡി നേതാവ് രാജ്പാൽ സിംഗ് ബലിയാൻ തുടങ്ങിയവരും അയോധ്യയിലെത്തിയിരുന്നു. മുഖ്യ പ്രതിപക്ഷമായ സമാജ്വാദി പാർട്ടിയിലെ അംഗങ്ങൾ വിട്ടുനിന്നു.
ക്ഷേത്രശ്രീകോവിലിനു മുന്നിൽനിന്ന് നിയമസഭാ സ്പീക്കർ സതീഷ് മഹാന ഉൾപ്പെടെയുള്ളവർ ശ്രീരാമ ഭജൻ ആലപിക്കുന്നതും മുഖ്യമന്ത്രി പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം.