"ഇന്ത്യ ഔട്ട്, ഭാരത് ഇൻ', ദേശീയ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം
Friday, December 1, 2023 2:20 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽനിന്ന് അശോകസ്തംഭവും ഇന്ത്യയും ഒഴിവാക്കി. എൻഎംസിയുടെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. അശോകസ്തംഭം മാറ്റി, ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രവും ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നുമാണ് ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ ലോഗോയുടെ നടുവിലായി വർണചിത്രത്തിലാണ് ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തിയത്. ‘നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഭാരത്’ എന്നും മാറ്റി. അതേസമയം, ധന്വന്തരിയുടെ ചിത്രം നേരത്തേയുള്ളതാണെന്നും വ്യക്തതയുള്ള ചിത്രമാക്കി മാറ്റുക മാത്രമാണുചെയ്തതെന്നുമാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ വിശദീകരണം. പിന്നാലെ നടപടിക്കെതിരേ ആരോഗ്യമേഖലയിൽനിന്നടക്കം വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗം നിയന്ത്രിക്കുന്ന 33 അംഗ റെഗുലേറ്ററി ബോഡിയാണ് എൻഎംസി. 2020 സെപ്റ്റംബർ 25നാണ് മെഡിക്കൽ കൗണ്സിൽ ഓഫ് ഇന്ത്യ എന്ന പേര് നാഷണൽ മെഡിക്കൽ കമ്മീഷൻ എന്നാക്കിയത്. 2019 സെപ്റ്റംബറിൽ മികച്ച ലോഗോയും ടാഗ്ലൈനും ക്ഷണിച്ച് മെഡിക്കൽ സർവീസ് കമ്മീഷൻ പരസ്യം ചെയ്തിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്ന ദേശീയ ഹെൽത്ത് മിഷന്റെ നിർദേശത്തിനു പിന്നാലെയാണ് പുതിയ നടപടി. കഴിഞ്ഞ വർഷം മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങിൽ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ഇന്ത്യൻ പാരന്പര്യം അനുശാസിക്കുന്ന തരത്തിൽ മഹർഷി ചരക് ശപഥ് നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശിപാർശയും വിവാദമായിരുന്നു. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽനിന്നു ഭാരത് എന്നാക്കണമെന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ലോഗോയും വിവാദത്തിലായിരിക്കുന്നത്.