ആഗോള കാലാവസ്ഥാ ഉച്ചകോടി തുടങ്ങി; മോദി പ്രത്യേക ക്ഷണിതാവ്
Friday, December 1, 2023 2:20 AM IST
ന്യൂഡൽഹി: ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിനു (കോപ് 28) ദുബായിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
വിവിധ അറബ് ഭരണാധികാരികൾ, ബ്രിട്ടനിലെ ചാൾസ് രാജാവ്, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, തുർക്കി പ്രസിഡന്റ് എർദോഗൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ തുടങ്ങിയവരും ഉച്ചകോടിയുടെ ആദ്യദിനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽനഹ്യാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദിയെത്തുന്നത്. ഒരു ദിവസത്തെ ചർച്ചകളിൽ പങ്കെടുത്ത് വെള്ളിയാഴ്ച വൈകുന്നേരം മോദി മടങ്ങും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇത്തവണ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.
13 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിലെ ആദ്യ മൂന്നു ദിവസം ലോകനേതാക്കൾ സംസാരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പൊതുതത്ത്വങ്ങൾ രൂപപ്പെടണമെന്ന ആവശ്യം ലോകരാജ്യങ്ങൾക്കെല്ലാമുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തൽ, വികസ്വര രാജ്യങ്ങളിലെ ഉൗർജ പരിവർത്തനത്തിന് ധനസഹായം തുടങ്ങിയ തർക്കവിഷയങ്ങളിലടക്കം ചർച്ച നടക്കും.
ആഗോള താപവർധനയിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത് സന്പന്നരാജ്യങ്ങളാണ്. ഇതിന്റെ ഉത്തരവാദിത്വം സന്പന്നരാജ്യങ്ങൾ തന്നെ ഏറ്റെടുക്കണോ എന്നതും ചർച്ച ചെയ്യപ്പെടും. മുൻ ഉച്ചകോടികളിൽ കൽക്കരി ഉപയോഗം കുറയ്ക്കാമെന്ന് രാജ്യങ്ങൾ സമ്മതിച്ചുവെങ്കിലും മറ്റു ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാമെന്ന വാഗ്ദാനം ആരും ഇതുവരെ നൽകിയിട്ടില്ല.
ദുബായിലെ എക്സ്പോ സിറ്റിയാണ് ഇത്തവണ കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതാണ് കോപ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോണ്‍ഫറൻസ് ഓഫ് ദ പാർട്ടീസ്. കോപ് 27 കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷാം അൽ ഷെയ്ഖിലാണു നടന്നത്.
പ്രധാന ചർച്ചാവിഷയങ്ങൾ
1) കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും കൈകാര്യം ചെയ്യുന്നതിനായുള്ള ധനസഹായം.
2) കാലാവസ്ഥാ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ.
3) കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നീ ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള നടപടി.
4) കാർബണ്‍ പുറന്തള്ളൽ തടയാനുള്ള സാങ്കേതികവിദ്യ.
5) പുനരുപയോഗ ഉൗർജശേഷി മൂന്നിരട്ടിയായി വർധിപ്പിക്കൽ.