മണിപ്പുരിലെ വിമത ഗ്രൂപ്പുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടു
Thursday, November 30, 2023 1:56 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിലെ ഇംഫാൽ താഴ്വര ആസ്ഥാനമായുള്ള നിരോധിത സായുധ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) കേന്ദ്രസർക്കാരുമായി ന്യൂഡൽഹിയിൽ ഇന്നലെ സമാധാന കരാറിൽ ഒപ്പുവച്ചു.
മണിപ്പുരിലെ ഏറ്റവും പഴയ സായുധ സംഘം സമാധാനത്തിന്റെ പാതയിലേക്കു തിരിയുന്നതു ചരിത്രപരമായ നാഴികക്കല്ലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു.
പുതിയ സമാധാന ഉടന്പടി ആറു പതിറ്റാണ്ടു നീണ്ട സായുധ മുന്നേറ്റത്തിന് അന്ത്യം കുറിക്കുകയാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ അശ്രാന്തപരിശ്രമം സമാധാന ഉടന്പടിയിൽ യുഎൻഎൽഎഫ് ഒപ്പുവെച്ചതോടെ പൂർത്തീകരിച്ചുവെന്ന് മന്ത്രി എക്സിൽ എഴുതി.
മണിപ്പുരിലെ ഏറ്റവും പഴക്കംചെന്ന താഴ്വര ആസ്ഥാനമായുള്ള സായുധ സംഘമായ യുഎൻഎൽഎഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ സമ്മതിച്ചു. ജനാധിപത്യ പ്രക്രിയകളിലേക്ക് അവരെ സ്വാഗതം ചെയ്യുന്നുവെന്നും, സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലുള്ള അവരുടെ യാത്രയിൽ ആശംസകൾ നേരുന്നുവെന്നു അമിത് ഷാ പറഞ്ഞു.
മുഖ്യധാരയിൽ ചേരുന്നതിനും ജനാധിപത്യം സീകരിക്കുന്നതിനും വേണ്ടിയാണ് യുഎൻഎൽഎഫ് സായുധസംഘം അക്രമം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത തെരഞ്ഞെടുത്തതെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് എക്സിന്റെ പോസ്റ്റിൽ പറഞ്ഞത്.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലും വടക്കുകിഴക്കൻ ഇന്ത്യയിലെ യുവാക്കൾക്ക് മികച്ച ഭാവി പ്രദാനം ചെയ്യുന്നതിലും ഇതൊരു സുപ്രധാന നേട്ടമാണെന്ന അമിത് ഷായുടെ പ്രസ്താവന പരിഹാസ്യമാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനാണ് പരിശ്രമമെങ്കിൽ ആറര മാസത്തിലേറെയായി അക്രമം തുടരുന്ന മണിപ്പുർ സന്ദർശിക്കാനെങ്കിലും പ്രധാനമന്ത്രി തയാറാകട്ടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
ഇതേസമയം, കഴിഞ്ഞ മേയ് മൂന്നിനു തുടങ്ങിയ കലാപം നിയന്ത്രിക്കുന്നതിനു മുന്പായി ഒരു വിമത ഗ്രൂപ്പുമായി മാത്രം സമാധാന കരാർ ഒപ്പുവച്ചതു പ്രശ്നപരിഹാരം ആകില്ലെന്ന വിമർശനമുണ്ട്. മണിപ്പുരിലെ യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്), കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) എന്നീ സായുധ വിമത ഗ്രൂപ്പുകളുമായി 2008 ഓഗസ്റ്റ് 22ന് അന്നത്തെ കേന്ദ്രസർക്കാർ ഒപ്പുവച്ച സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാറിന്റെ കാര്യത്തിൽ മൗനം പാലിച്ചുകൊണ്ടാണ് യുഎൻഎൽഎയുമായി ഇന്നലെ പുതിയ കരാർ കേന്ദ്രം ഒപ്പുവച്ചത്.
മേയിൽ കലാപം തുടങ്ങുന്നതിനു തൊട്ടുമുന്പായി കുക്കി നാഷണൽ ആർമി (കെഎൻഎ), സോമി റവല്യൂഷണറി ആർമി (സെഡ്ആർഎ) എന്നിവയുമായുള്ള എസ്ഒഒ കരാർ കേന്ദ്രം പിൻവലിച്ചതു വിവാദവുമായിരുന്നു.